കടയിരുപ്പ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നാളെ

കോലഞ്ചേരി: കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിന്തൈറ്റ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ഇന്‍ഡോര്‍ സ്റ്റേഡിയം നാളെ രാവിലെ 11-ന് നാടിനു സമര്‍പ്പിക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഏറ്റവും വലുതും ആധുനീകവുമാണ് ഈ സ്റ്റേഡിയം. അക്കാദമിക നേട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഈ പൊതു വിദ്യാലയത്തിലെ കുട്ടികള്‍ക്ക് കായിക മേഖലയില്‍ നൂതന പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം സിന്തൈറ്റ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. 12000 ചതുരശ്രയടി വിസ്തൃതിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ് കോര്‍ട്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കേറ്റിംഗ് പരിശീലന മടക്കമുള്ള ഇന്‍ഡോര്‍ പരിശീലന സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സ്റ്റേഡിയത്തിന്റെയും കളിക്കളങ്ങളുടെയും രൂപകല്പന. കായിക പരിശീലനത്തിന് ഏറെ സഹായകമായ വി.ഡി.എഫ് സാങ്കേതിക വിദ്യയിലാണ് കളിക്കളങ്ങളുടെ പ്രതലങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വശങ്ങള്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. വിശാലമായ സ്റ്റേഡിയത്തില്‍ രണ്ടായിരം പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കാന്‍ കഴിയുന്നതിനാല്‍ സ്‌കൂളിലെ പൊതു പരിപാടികള്‍ക്ക് സ്റ്റേഡിയം ഏറെ പ്രയോജനപ്പെടും. കൂടാതെ സ്റ്റേഡിയത്തില്‍ ചൂട് ക്രമീകരിക്കുന്നതിനും വായു സഞ്ചാരം നിയന്ത്രിക്കുന്നതിനും മേല്‍ക്കൂരയില്‍ ആധുനീക ടര്‍ബോ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1 കോടി രൂപ ചെലവഴിച്ചാണ് സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകനും സ്‌കൂള്‍ വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന സി.വി. ജേക്കബിന്റെ സ്മരണാര്‍ത്ഥം ഈ സ്റ്റേഡിയം സ്ഥാപിച്ചിരിക്കുന്നത്. സ്റ്റേഡിയം നാടിനു സമര്‍പ്പിക്കുന്നത് സി.വി. ജേക്കബിന്റെ പത്നി ഏലിയാമ്മ ജേക്കബ് ആണ്. 2005 ല്‍ 1.5 കോടി രൂപ മുടക്കി സ്‌കൂളിന്റെ മുഖ്യ കെട്ടിടം പുനര്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.

 

Back to top button
error: Content is protected !!