കടമറ്റത്തിനടുത്ത് തോന്നിയ്ക്കയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച കാര്‍ പൂർണ്ണമായും കത്തി നശിച്ചു.  

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

 

കോലഞ്ചേരി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാത കടമറ്റത്തിനടുത്ത് തോന്നിയ്ക്കയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച കാര്‍ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. കോലഞ്ചേരി കറുകപ്പിള്ളി സ്വദേശികളായ നാലുപേര്‍ സഞ്ചരിച്ച സാന്‍ട്രോ കാറാണ് അപകടത്തില്‍പ്പെട്ടത്.നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. റോഡരികില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തുന്ന ഓട്ടോയിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്തെ പോസ്റ്റിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയെ തുടർന്ന് വൈദ്യുത പോസ്റ്റില്‍ നിന്നുള്ള സര്‍വ്വീസ് വയര്‍ പൊട്ടി വീണാണ് കാറിന് തീപിടിക്കാൻ കാരണമുണ്ടായതെന്ന് പ്രാഥമീക നിഗമനം. കാറിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരാണ് ചില്ല് തകര്‍ത്ത് പുറത്തെടുത്തത്.മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കാര്‍ കത്തിയമരുകയും ചെയ്തു.പട്ടിമറ്റത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഈ സമയം കൊണ്ട് കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കറുകപ്പിള്ളി ഇഞ്ചക്കാട്ട് ഇ.പി. പോള്‍ (59), ലിസി (54), സോഫിയ പോള്‍ (24), കിങ്ങിണിമറ്റം ചാലുംകുഴിയില്‍ സി.കെ. സോമന്‍ (67) എന്നിവരാണ് പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

 

Back to top button
error: Content is protected !!