കുടിവെള്ളം മുട്ടിക്കുന്ന നടപടി പിൻവലിക്കണം; കെ.സുധാകരന്‍

തിരുവനന്തപുരം: വെള്ളക്കരം ഉയര്‍ത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനുള്ള നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയ ശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിവിധ സ്ലാബുകളിലായി 50 മുതല്‍ 200 രൂപവരെ വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുമെന്നും സുധാകരന്‍ ചൂണ്ടികാട്ടി. അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ മേല്‍ അമിത നികുതി പരിഷ്‌ക്കാരം അടിച്ചേല്‍പ്പിക്കുന്നത് ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പന്നര്‍ക്ക് ഇളവും പാവപ്പെട്ടവന് നികുതി ഭാരവും ചുമത്താന്‍ കമ്മ്യൂണിസത്തിന്റെ ഏത് സിദ്ധാന്തത്തിലാണ് പറഞ്ഞിരിക്കുന്നത്. ഭൂമി രജിസ്‌ട്രേഷന്‍ നികുതി, പ്രൊഫഷണല്‍ ടാക്‌സ്, കെട്ടിട നികുതി എന്നിവയും വര്‍ധനവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെ ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ ജനക്ഷേമ പദ്ധതികളുടെ താളം തെറ്റിച്ച ശേഷം എന്തിനാണ് സര്‍ക്കാര്‍ നികുതി ഉയര്‍ത്തുന്നത്. ജനങ്ങളില്‍ നിന്നും നികുതി പിരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശയാത്രയും ആര്‍ഭാട ജീവിതവും നയിക്കുന്നതിനാണോ നികുതി കൂട്ടത്തോടെ വര്‍ധിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഒരുമിച്ച് നികുതി വര്‍ധിപ്പിക്കുന്നത് നികുതി ഭീകരതയുടെ ദുരിത കയത്തിലേക്ക് കേരള ജനതയെ തള്ളിവിടും. കാര്യമായ വരുമാന വര്‍ധനവില്ലാതെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറും സര്‍ക്കാരിന്റെ നികുതി വര്‍ധനയെന്നും സുധാകരന്‍ പറഞ്ഞു.

 

 

Back to top button
error: Content is protected !!