വീണ്ടും ജ്യുസ് വിപണി കീഴടക്കാൻ `ജൈവ്´എത്തുന്നു…. പുതിയ ജ്യൂസ് പ്ലാന്റിന്റെ ഉദ്ഘാടനം 16ന്.

 

മൂവാറ്റുപുഴ: സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനിയിലെ പുതിയ ജ്യൂസ് പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 16ന് രാവിലെ എട്ടിന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ഇ.കെ. ശിവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം ജൈവ് ബ്രാന്‍ഡിലുള്ള പാക്കേജ്ഡ് ഡ്രിംങ്കിം വാട്ടറിന്റെയും പുതിയ ജ്യൂസ് ഉല്‍പ്പന്നങ്ങളുടെയും, കമ്പനി ക്യാമ്പസില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന പൈനാപ്പിള്‍ കൃഷിയുടെ നടീല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനിയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പൂര്‍വ്വാധികം ശക്തിയോടെ ജൈവ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേയ്ക്ക് വരികയാണന്നും കോവിഡ് കാലത്തെ ലോക്ക് ഡോണ്‍ കാലയളവ് പ്രയോജനപ്പെടുത്തി തകരാറിലായ മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും പുതിയ ജ്യൂസ് പ്ലാന്റും പ്രവര്‍ത്തനമാരംഭിക്കും. പുതിയ ജ്യൂസ് ഉല്‍പ്പന്നങ്ങളും ജൈവ് ഡ്രിങ്കിങ് വാട്ടറും വിപണിയിലെത്തിക്കുന്നതോടെ കമ്പനിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകുമെന്ന് ഇ.കെ. ശിവന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100-ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കമ്പനിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ സഹായത്തോടെയും എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നിര്‍മിക്കുന്ന ജാം പ്രോസസ്സിംഗ് യൂണിറ്റിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ അപ്പ്ഡെയുടെ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് പായ്ക്ക് ഹൗസില്‍ നിന്നും പഴം പച്ചക്കറി കയറ്റുമതി ത്വരിതപ്പെടുത്തുന്നതിന് രണ്ട് റീഫര്‍ വാനുകളും ഫ്രീസര്‍ യൂണിറ്റും വാങ്ങുന്നതിനുള്ള പ്രോജക്ടിനും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനില്‍ നിന്നും അനുമതിയായിട്ടുണ്ടന്നും ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പൈനാപ്പിളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ വൈന്‍, ബ്രോമലിനില്‍ നിന്നുള്ള ന്യൂട്രാസ്യൂട്ടിക്കല്‍, ബയോഡിഗ്രേഡബിള്‍ പായ്ക്കേജിംഗ് മെറ്റീരിയല്‍സ് എന്നിവ കൂടി വിപണിയിലിറക്കുന്നതിന് വേണ്ടിയുള്ള പ്രോജക്ടുകളും നടന്ന് വരികയാണന്നും കോടികണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായി വരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാഴക്കുളം കമ്പനിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നതോടെ എറണാകുളം, കോട്ടയം, ഇടുക്കി, പത്തിനംതിട്ട ജില്ലകളിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് നേട്ടമാകുമെന്നും എല്ലാ വര്‍ഷവും കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിലയിടിവിനും നാശനഷ്ടങ്ങള്‍ക്കും ഒരു പരുധിവരെ കമ്പനിയുടെ പ്രവര്‍ത്തനം കൊണ്ട് പരിഹാരമാകുന്ന രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് കമ്പനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ വാഴക്കുളം പൈനാപ്പിളിന്റെ തനത് രുചിയില്‍ ജൈവ് ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സുലഭമായി ലഭിക്കുമെന്നും കമ്പനി ചെയര്‍മാന്‍ ഇ.കെ. ശിവന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കമ്പനി മനേജിംഗ് ഡയറക്ടര്‍ എല്‍. ഷിബുകുമാര്‍, ഡയറക്ടര്‍ എം.എം. ജോര്‍ജ് എന്നിവര്‍ സംമ്പന്ധിച്ചു.

Back to top button
error: Content is protected !!