അപൂര്‍വ്വ രോഗം ബാധിച്ച യുവാവിന്റെ ചികിത്സക്കായ് പണം സ്വരൂപിക്കാന്‍ കൈകോര്‍ത്ത് ജീവ ബസ്.

മൂവാറ്റുപുഴ: അപൂര്‍വ്വ രോഗം ബാധിച്ച യുവാവിന്റെ ചികിത്സക്കായ് പണം സ്വരൂപിക്കാന്‍ കൈകോര്‍ത്ത് ജീവ ബസ്.മൂവാറ്റുപുഴ-കാളിയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഒരു ദിവസത്തെ മുഴുവന്‍ കളക്ഷന്‍ പൈസയും മാറ്റി വെച്ചാണ് ജീവ ബസ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. ലക്ഷത്തില്‍ അഞ്ച് പേര്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വരോഗം ബാധിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പോത്താനിക്കാട് സ്വദേശി നര്‍ക്കിക്കുടിയില്‍ ബിനു ജോണിനെ സഹായിക്കാനായാണ് ജീവ ബസിന്റെ ആറുബസുകളുടെ ഇന്നത്തെ കളക്ഷനും ജീവനക്കാരുടെ ഇന്നത്തെ ശമ്പളവും മാറ്റിവെച്ചിരിക്കുന്നത്. പൈങ്ങോട്ടൂരില്‍ സഹായനിധി ശേഖരണത്തിന്റ് ഫ്ളാഗ് ഓഫ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബിനു ചികിത്സയില്‍ കഴിയുന്നത്. ചികിത്സക്കായി 50 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.ടൈല്‍ പണിക്കാരനായിരുന്ന ബിനുവിന് പെട്ടെന്നുണ്ടായ പനിയായിരുന്നു രോഗത്തിന്റെ ആദ്യലക്ഷണം.രോഗ നിര്‍ണയത്തിന് മാത്രമായി അഞ്ച് ലക്ഷം രൂപ ചെലവായി. രോഗിയായ അമ്മയും ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരന്റെ കുടുംബവുമാണ് ബിനുവിന്റെ ഏക ആശ്രയം. ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ എ.എം. സാബു കണ്‍വീനറുമായി ഒരു ചികിത്സ സഹായ നിധിയും രൂപികരിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!