റോഡില്‍ കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍; തിരിഞ്ഞ് നോക്കാന്‍ തയ്യാറാവാതെ അധികൃതര്‍.

മൂവാറ്റുപുഴ: അപകടക്കെണിയായി റോഡില്‍ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും തിരിഞ്ഞ് നോക്കാന്‍ തയ്യാറാവാതെ അധികൃതര്‍. പി.ഡബ്യു.ഡിക്ക് പരിധിയിലുള്ള മൂവാറ്റുപുഴ – ആരക്കുഴ റോഡിലാണ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി കുഴി രൂപപ്പെട്ടത്. പി.ഒ ജംഗ്ഷനില്‍ ആരക്കുഴ റോഡിലേയ്ക്കുള്ള പ്രവേശന കവാടത്തില്‍ നിന്നും ഏകദേശം 150 മീ മാറി കണ്ണാത്തുകുഴിയില്‍ ദന്താശുപത്രിക്ക് സമീപമാണ് യാത്രക്കാര്‍ക്ക് അപകടമൊരുക്കി കുഴി രൂപപ്പെട്ടിരിക്കുന്നത്. പണ്ടപ്പിള്ളി, കൂത്താട്ടുകുളം, തൊടുപുഴ പ്രദേശങ്ങളിലേയ്ക്ക്് പോവാന്‍ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് മൂവാറ്റുപുഴ – ആരക്കുഴ റോഡിനെയാണ്. ദിനം പ്രതി നൂറുകണക്കിന് വാഹന യാത്രക്കാരും, കാല്‍നട യാത്രക്കാരുമാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. പ്രദേശത്ത് കുടിവെള്ള പൈപ്പുകള്‍ തകരുന്നതും തുടര്‍ക്കഥയാണ്. പൈപ്പുകള്‍ തകര്‍ന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തിരക്കേറിയ റോഡില്‍ കുഴി രൂപപ്പെട്ടത് ശ്രദ്ധയിപ്പെടാതെ വരുന്ന യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. റോഡില്‍ കുഴി രൂപപ്പെട്ടിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാതെ അനാസ്ഥ തുടരുന്നതില്‍ കാല്‍നട യാത്രക്കാരും, ഇരുചക്ര വാഹനയാത്രക്കാരുമാണ് കൂടുതലായും ബുദ്ധിമുട്ടനുഭവിക്കുന്നത്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കുഴി രൂപപ്പെട്ട പ്രദേശത്ത് ആഴ്ചകള്‍ക്ക് മുന്‍പ് തകര്‍ന്ന പൈപ്പ് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പഃനസ്ഥാപിച്ചത്.

പൊതുവേ തിരക്കേറിയ റോഡില്‍ നാളെമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും, ഗതാഗതക്കുരുക്കിലും വന്‍വര്‍ധനവായിരിക്കും ഉണ്ടാവുന്നത്. ജനപ്രതിനിധികളും, വിവിധ വകുപ്പതല ഉദ്യോഗസ്തരും സഞ്ചരിക്കുന്ന റോഡില്‍ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തത് അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമാകുമെന്നാണ് നാട്ടുകാര്‍പറയുന്നത്.

Back to top button
error: Content is protected !!