ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ

കൊച്ചി: 2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് താരലേലത്തിന് കേരളം വേദിയാകുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് ലേലം ആരംഭിക്കുന്നത്.ഡൽഹി, മുംബൈ, ബെംഗളുരൂ, ഹൈദരബാദ്, തുർക്കിയിലെ ഇസ്താംബുൾ തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി ഐപിഎൽ താരലേലത്തിന് വേദിയാകുന്നത്. കഴിഞ്ഞ സീസണ് മുന്നോടിയായി മെഗാ താരലേലം നടന്നിരുന്നു. അതുകൊണ്ട് ഒരു ദിവസം മാത്രം നീളുന്ന മിനി താരലേലമാണ് ഇക്കുറി കൊച്ചിയിൽ നടക്കുക.

ലേല പട്ടികയിൽ 405 താരങ്ങളുണ്ട്. ഇതിൽ 273 പേർ ഇന്ത്യൻ താരങ്ങളാണ്. എന്നാൽ പത്ത് ഐപിഎൽ ടീമുകളിലായി 87 താരങ്ങൾക്ക് മാത്രമെ അവസരം ലഭിക്കു. ഇതിൽ 30 പേർ വിദേശ താരങ്ങളായിരിക്കും. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള 19 വിദേശ താരങ്ങൾ ഇത്തവണ ലേലത്തിനുണ്ട്. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെയും മായങ്ക് അഗർവാളും ഉണ്ട്. താരലേലത്തിൽ ഒരു ടീമിന് പരമാവധി മുടക്കാവുന്ന തുക 90 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തിയിരുന്നു. സൺറൈസേഴ്സ് ഹൈദരബാദിനാണ് കൂടുതൽ തുക മുടക്കാനാവുക. 42 കോടി 25 ലക്ഷം രൂപ കൈവശമുണ്ട്. ഈ തുകയ്ക്ക് പതിമൂന്ന് താരങ്ങളെ സ്വന്തമാക്കണമെന്ന വെല്ലുവിളിയും മുന്നിലുണ്ട്. കൈവശമുള്ള തുക കുറവായതിനാൽ കണക്ക് കൂട്ടി മാത്രമെ ടീമുകൾ ലേലത്തിനിറങ്ങു.

Back to top button
error: Content is protected !!