കൗതുകമുണര്‍ത്തി വീട്ടുമുറ്റത്ത് നിശാഗന്ധി പൂത്തു

വാഴപ്പിള്ളി: കൗതുകമുണര്‍ത്തി അര്‍ധരാത്രി വാഴപ്പിള്ളി ചാരിസും പടിയില്‍ വീട്ടുമുറ്റത്ത് നിശാഗന്ധി പൂത്തു. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന തൂവെള്ള നിറത്തിലുള്ള പുഷ്പമാണ് നിശാഗന്ധി. പേരുപോലെ തന്നെ രാത്രിയില്‍ സുഗന്ധം പരത്തുന്ന പുഷ്പം. ഏറെദൂരം സുഗന്ധം ചെന്നെത്തുമെങ്കിലും ഈ പുഷ്പങ്ങള്‍ക്ക് ഒരു രാത്രി മാത്രമാണ് ആയുസ്സുള്ളൂ.

വാഴപ്പിള്ളി ചരിസും പടി മാരിയില്‍ അബ്ബാസ് ഷെമിന ദമ്പതികളുടെ വീട്ടുമുറ്റത്താണ് വര്‍ഷത്തില്‍ ഒരു തവണ മാത്രം വിരിയുന്ന നിശാഗന്ധി മൊട്ടിട്ട് വിരിഞ്ഞത്. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ നിശാഗന്ധി ചെടി നട്ടുപിടിപ്പിച്ചത്. തൂങ്ങിക്കിടക്കുന്ന മൊട്ടുകള്‍ വളര്‍ന്നു വലുതായാല്‍ രാത്രി നേരത്താണ് വിരിയുന്നത്. പൂര്‍ണമായി വിടരാന്‍ അര്‍ദ്ധരാത്രിയാവും. ഒറ്റനോട്ടത്തില്‍ പൂക്കള്‍ വിരിയുന്നത് ഇലകളില്‍ നിന്നാണെന്ന് തോന്നും. എന്നാല്‍ നിശാഗന്ധിയുടെ ഇലകള്‍ പോലെ തോന്നുന്ന ഭാഗം ചെടിയുടെ തണ്ടുകളാണ്. തേന്‍ ഉത്പാദിപ്പിക്കുന്നു എന്നതാണ് നിശാഗന്ധി പുഷ്പങ്ങളുടെ മറ്റൊരു പ്രത്യേകത.

ഇന്ത്യയില്‍ മിക്കസ്ഥലത്തും നന്നായി വളരുന്ന നിശാഗന്ധി ചെടികള്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും സുലഭമായി കാണപ്പെടുന്നു. കവികളുടെയും കലാകാരന്മാരുടെയും പ്രധാന കാവ്യബിംബമായ നിശാഗന്ധി പരിശുദ്ധിയുടെ പര്യായമായാണ് വാഴ്ത്തപ്പെടുന്നത്.

Back to top button
error: Content is protected !!