ഇടുക്കി-ചെറുതോണി ഡാം സന്ദര്‍ശനം ഇന്നു മുതല്‍ 31 വരെ

ചെറുതോണി: ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെ സന്ദര്‍ശനാനുമതി ലഭ്യമായിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാര്‍ സൗകര്യവും ലഭ്യമാണ്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും സന്ദര്‍ശകര്‍ക്ക് ലഭ്യമായി വരുന്നുണ്ട്. 20 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്. വനവികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇടുക്കി – ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനാകും.

 

Back to top button
error: Content is protected !!