കൊച്ചിക്രൈം

മനുഷ്യക്കടത്ത്: ബംഗ്ലാദേശ് സ്വദേശി പോലീസ് പിടിയില്‍

എറണാകുളം: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് സ്വദേശി പോലീസ് പിടിയില്‍. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഷുക്കൂര്‍ (32)നെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ഷുക്കൂറില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ 27 ന് നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിച്ച 4 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരാണെന്ന വ്യാജേനയാണ് ഇവര്‍ പോകാന്‍ ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവി വിവേക്
കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിലെ പ്രധാന ഏജന്റായ അബ്ദുള്‍ ഷുക്കൂര്‍ മംഗലാപുരം വിമാനത്താവളം വഴി രണ്ട് പേരെ വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവരുന്ന വഴിയാണ് പോലീസ് പിടികൂടിയത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്‌പോര്‍ട്ട് ഉള്‍പടെയുള്ള രേഖകള്‍ തയാറാക്കി നല്‍കി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്. ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐ ടി.എം.സൂഫി, എ.എസ്.ഐ സി.ഡി.സാബു, എസ്.സി.പി.ഒ ലിജോ ജേക്കബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!