മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നിർദേശം : ബം​ഗ്ലാ​വ് ക​ട​വ് പാ​ലം ഉടൻ നി​ര്‍​മി​ക്ക​ണം

 

കോതമംഗലം: കുട്ടമ്പുഴ – വടാട്ടുപാറ റോഡിലെ ബംഗ്ലാവ് കടവ് പാലത്തിന്റെ നിര്‍മാണം പ്രദേശത്തെ ജനങ്ങളുടെ ജീവനാഡിയായി കണ്ട് കാലതാമസമില്ലാതെ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്‍കിയത്. കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെട്ട വടാട്ടുപാറ പ്രദേശത്തെ ജനങ്ങള്‍ക്ക് കുട്ടമ്പുഴയിലെത്താന്‍ 30 കിലോമീറ്റര്‍ യാത്ര ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാവ് കടവ് ഭാഗത്ത് പുഴയ്ക്ക് കുറുകെ പാലമില്ലാത്തതാണ് കാരണം. പാലം നിര്‍മിച്ചാല്‍ അഞ്ച് കിലോമീറ്റര്‍ കൊണ്ട് കുട്ടമ്പുഴയിലെത്താം. ഇടമലയാര്‍ താളുങ്കണ്ടം ട്രൈബല്‍ കോളനി, പൊങ്ങും ചുവട് ട്രൈബല്‍ കോളനി എന്നിവിടങ്ങളില്‍ നിന്ന് കുട്ടമ്പുഴയിലെത്താനും പാലം അനിവാര്യമാണ്. ബംഗ്ലാവ് കടവ് പാലത്തിന്റെ ഭാഗവും വടാട്ടുപാറ-ഇടമലയാര്‍ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഭാഗവും വനംവകുപ്പിന്റെ അധീനതയിലായതിനാല്‍ ഇവിടെ സര്‍വേ നടത്താന്‍ തുണ്ടത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ അനുമതി ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു. പാലം നിര്‍മിക്കാനുള്ള അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ലെന്ന് പൊതുമരാമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പാലം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലങ്ങള്‍ വനം പരിസ്ഥിതി വകുപ്പിന്റെ അധികാരപരിധിയിലുള്ളതല്ലെന്ന് പരാതിക്കാരനായ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ഷാജി പയ്യാനിക്കല്‍ സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കി. പാലത്തിന്റെ രണ്ട് ഭാഗങ്ങളും പൊതുമരാമത്ത് റോഡുകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മുമ്പ് ഇതുവഴി കടത്തുവള്ളങ്ങള്‍ ഉണ്ടായിരുന്നുവെന്നും അപകടങ്ങള്‍ ഉണ്ടായതോടെ സര്‍വീസ് മുടങ്ങിയെന്നും പരാതിക്കാരന്‍ അറിയിച്ചു. പാലം വന്നാല്‍ ഇടമലയാര്‍ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി പ്രദേശത്തേക്ക് പോകാന്‍ എളുപ്പമാണ്. പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Back to top button
error: Content is protected !!