ഹോർട്ടികോർപ്പ് വഴി ഏത്തക്ക സംഭരിക്കണം:- എൽദോ എബ്രാഹം എം‌.എൽ.എ.

 

മൂവാറ്റുപുഴ: സംസ്ഥാനത്ത്
ഏത്തക്ക ഉല്പാദനം വർദ്ധിച്ച സാഹചര്യത്തിൽ ഹോർട്ടികോർപ്പ് വഴി ഏത്തക്ക സംഭരിക്കണം എന്ന് എൽദോ എബ്രഹാം എം‌.എൽ.എ. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിനോട് ആവശ്യപ്പെട്ടു.
ഉല്പാദനത്തിലുണ്ടായ വർദ്ധനവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് ഏത്തക്ക പച്ചയും, പഴവും ഇറക്കിയതും ഏത്തക്കായുടെ വില ഇടിയാൻ കാരണമായി. വയനാട്ടിലെ കർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൃഷി വകുപ്പ് എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പ് വഴി വിപണനം ശക്തമാക്കി. താങ്ങുവില 30 രൂപ കിലോയ്ക്ക് ഉണ്ടെങ്കിലും മാർക്കറ്റുകളിൽ വില 15 രൂപയിലേക്ക് താഴ്ന്നു. കോവിഡ് കാലമായതിനാൽ ചിപ്സ് നിർമ്മാണ യൂണിറ്റുകളും സജീവമല്ല. വേനൽക്കാലമായതിനാൽ ജനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് മറ്റ് പഴ വർഗ്ഗങ്ങളുമാണ്.
മൂവാറ്റുപുഴ, കോതമംഗലം, പിറവം, കുന്നത്തുനാട് ഉൾപ്പെടുന്ന വിപുലമായ കാർഷിക മേഖലയിൽ വൻ തോതിലാണ് വാഴക്കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ കർഷകർ ഇ.ഇ.സി. മാർക്കറ്റിലാണ് ഏത്തക്ക എത്തിക്കുന്നത്. പ്രതിദിനം 8 ടൺ ഏത്തക്കാ എത്തുമ്പോൾ ലേലത്തിൽ ചെറിയ തുകയ്ക്ക് വിളിക്കാനെ കച്ചവടക്കാർ തയ്യാറാകുന്നുള്ളു.
കർഷകന്റെ ഉല്പാദനച്ചെലവ് പോലും കിട്ടാതെ വരുന്നത് വലിയ പ്രതിസന്ധിയാണ് ഈ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് ബാങ്ക് വായ്പകൾ എടുത്ത കർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എം.എൽ.എ. സർക്കാരിനോട് ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!