സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി വരുന്നു. കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനാണ് ആലോചന. എഐസിസി പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ പുനസംഘടന നേതൃത്വത്തിന്‍റെ പ്രധാന അജണ്ടയാകും. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഭിന്നതയില്ലാതെ ഒന്നിച്ചുപോകണമെന്നും ഹൈക്കമാന്‍റ് നിര്‍ദേശമുണ്ട്.

കെ.സുധാകരന്‍ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ ഒരു പരീക്ഷണം എന്ന നിലയിലാണ് കെപിസിസി ഭാരവാഹികളെ തീരുമാനിച്ചത്. ‍പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അല്‍പം പോലും മുന്നോട്ടു പോകാനായില്ലെന്നാണ് ഹൈക്കമാന്‍റ് വിലയിരുത്തല്‍. ടീമിനെ മാറ്റണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷനുമുണ്ട്. അതേസമയം പ്രസിഡന്‍റിനെയും മാറ്റണമെന്ന് അഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും അകാരണമായി മാറ്റിയാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമോ എന്നാണ് ആശങ്ക.ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മോശമെന്ന് വിലയിരുത്തി ഭാരവാഹികളെ മാറ്റുന്നത്. കൊച്ചിയിലെ ഹാത് സെ ഹാത്ത് ജോഡോ അഭിയാന്‍ പരിപാടിക്ക് മുന്നോടിയായി ഐഐസിസി ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആലപ്പുഴയില്‍ നടന്ന യോഗത്തില്‍ കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നീ നേതാക്കളാണ് പങ്കെടുത്തത്.

സംഘടനാ ദൗര്‍ബല്യമായിരുന്നു പ്രധാന ചര്‍ച്ച. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും കൂടുതല്‍ യോജിപ്പോടെ മുന്നോട്ടുപോകാനും നിര്‍ദേശം ഉയര്‍ന്നു. പ്രവര്‍ത്തനം മോശമായ അഞ്ചിലധികം ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും തീരുമാനമുണ്ട്. പ്ലീനറി സമ്മേളനം ആസന്നമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒഴിവുള്ള എഐസിസി അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കും

Back to top button
error: Content is protected !!