വെള്ളൂര്‍ക്കുന്നം കോര്‍മല സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ഉന്നതതല സംഘം…..

 

 

മൂവാറ്റുപുഴ : വെള്ളൂര്‍ക്കുന്നം കോര്‍മല സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് സ്ഥലത്തെത്തിയ ഉന്നതതല സംഘം. കോര്‍മല നിലവിലെ സ്ഥിതിയില്‍ സുരക്ഷിതമെന്നും സംഘം അറിയിച്ചു. കോര്‍മല പ്രശ്ന പരിഹാരത്തിനായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാരില്‍ നടത്തിയ അടിയന്തിര ഇടപെടലിനെ തുടര്‍ന്നാണ് സംഘം സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. റവന്യൂ മൈനിംഗ് ആന്‍റ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ്, ജല അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കോര്‍മല സന്ദര്‍ശിച്ചത്. കോര്‍മല സംരക്ഷണത്തിന് പഠനം ആവശ്യമാണ്. അതിനായി കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയെ കൊണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. പ്രകൃതിയാലുണ്ടായിരുന്ന സ്വാഭാവിക ചരിവ് മണ്ണടുത്തത് കൊണ്ട് നഷ്ടപെട്ടതാണ് ഇവിടെ മണ്ണിടിയാന്‍ പ്രധാന കാരണമായത്. 2015 ജൂലൈയിലാണ് എംസി റോഡിലേക്ക് വെള്ളൂര്‍ക്കുന്നം കോര്‍മല ഇടിഞ്ഞുവീണത്. മലയിടിച്ചിലില്‍ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. നഗരത്തെയാകെ മുള്‍മുനയിലാക്കി രാത്രിയിലാണ് കോര്‍മല ഇടിഞ്ഞത്. ഇടയ്ക്കിടെ ചെറിയ തോതില്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്ന കോര്‍മലയില്‍ മഴ ശക്തിയായാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍. നാട്ടുകാര്‍ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും സുരക്ഷാ നടപടികളൊന്നും എടുത്തിരുന്നില്ല. ഇതിനിടെയാണ് എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ കോര്‍മല സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്താകെ ഭീഷണി നിലനിര്‍ത്തി കൂറ്റന്‍ ജലസംഭരണിയും മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്. അപകടഭീഷണി മുന്നില്‍ക്കണ്ട് ടാങ്കിന്‍റെ സംഭരണശേഷി കുറച്ചിരുന്നു. വെള്ളം കൂടുതല്‍ സമയം ടാങ്കില്‍ സംഭരിച്ചു സൂക്ഷിക്കാറുമില്ല. അപ്പപ്പോള്‍ വിതരണം ചെയ്യുകയാണ് നിലവില്‍ ചെയ്യുന്നത്. കൃഷികള്‍, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ നടത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, ജിയോളജിസ്റ്റ് സി.എസ്. മഞ്ചു, ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍ എസ്. മഞ്ചു, എഇ മിനി പി. തമ്പി, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍.എസ്. ബിന്ദു, തഹസീല്‍ദാര്‍ കെ.എസ്. സതീശന്‍, എസ്ഐ വി.കെ. ശശികുമാര്‍, വില്ലേജ് ഓഫീസര്‍ എം.പി. സന്തോഷ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

 

ഫോട്ടോ …………….

റവന്യൂ മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരടക്കം ഉന്നതതല സംഘം മൂവാറ്റുപുഴ കോര്‍മല സന്ദര്‍ശിക്കുന്നു.

Back to top button
error: Content is protected !!