കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പി​ടി​വി​ടാ​തെ ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യും ഡെ​ങ്കി​പ്പ​നി​യും

മൂവാറ്റുപുഴ : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് പിടിവിടാതെ ഹെപ്പറ്റൈറ്റിസ് ബിയും, ഡെങ്കിപ്പനിയും. നഗരത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയുടെ വാര്‍ഡുകളിലും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുകയാണ്. പായിപ്ര പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് ബിയും, നഗരസഭയുടെ നാല്, അഞ്ച്, ഒന്‍പത്, 24 ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ ഡെങ്കിപ്പനിയുമാണ് പടരുന്നത്. ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തി പകര്‍ച്ചവ്യാധികള്‍ പടരുന്നതോടെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. രോഗബാധിതര്‍ നഗരത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പായിപ്ര പഞ്ചയത്തിലും, സമീപ പ്രദേശങ്ങളിലുമടക്കം രണ്ട് പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് ബി ബാധ സ്ഥിരീകരിച്ചത്. മറ്റ് പകര്‍ച്ചവ്യാധികളെ അപേക്ഷിച്ച് രക്തം, ശരീരശ്രവങ്ങള്‍ എന്നിവയിലൂടെ മാത്രം പകരുന്ന രോഗം പഞ്ചായത്തില്‍ സ്ഥിരീകരിച്ചത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തിലെ ഊരമന, വാളകം, പായിപ്ര പഞ്ചായത്തുകളില്‍ രോഗബാധ ഉണ്ടാവാറുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് തൃക്കളത്തൂര്‍ സ്വദേശിയായ വയോധികന്‍ മരിച്ചിരുന്നു. മേക്കാട്ടില്‍ എം.എ. ഏബ്രഹഹാം (83) ആയിരുന്നു മരിച്ചത്. കടുത്ത പനി അനുഭവപ്പെട്ട എബ്രഹാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും ആരോഗ്യം മോശമായി മരിക്കുകയായിരുന്നു.
നഗരത്തില്‍ ഹെപ്പറ്റൈറ്റിസ് ബിക്ക് പുറമേ ഡെങ്കിപ്പനിയും വ്യാപിക്കുകയാണ്. നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലുമായി 25 ഓളം ആളുകള്‍ക്ക് രോഗം ബാധിച്ചതായാണ് കണക്കുകള്‍. പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സതേടുന്നവരില്‍ പലരും ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങളുള്ളവരാണ്. പനി ബാധിത പ്രദേശങ്ങളില്‍ നഗരസഭാധ്യക്ഷനും, നഗരസഭാംഗങ്ങളും, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. രോഗ തീവ്രതയെയും പ്രതിരോധ മാര്‍ഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വീടുകള്‍ തോറും ലഘുലേഖകള്‍ വിതരണം ചെയ്തുവരികയാണ്. കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനും, വെളളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനുമുളള പ്രവര്‍ത്തനമാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്. ഇതിനായി സ്‌പ്രേയിംഗ് ഫോഗിംഗ് നടത്തി വരികയാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം ഒഴിവാക്കാന്‍ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!