ശക്തമായ മഴ: മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി

കോതമംഗലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി. ബ്ലാവനയില്‍ ജങ്കാര്‍ സര്‍വ്വീസ് നിലക്കുകയും ചെയ്തതോടെ ആറ്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ ദുരിതത്തിലായി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായത്. അക്കരെ കടക്കാന്‍ കഴിയാതെ ഇന്നലെ രാത്രി നിരവധി പേര്‍ പൂയംകുട്ടിയില്‍ കുടുങ്ങിയിരുന്നു. ചപ്പാത്ത് മുങ്ങിയതോടെ മണികണ്ഠന്‍ചാല്‍ പ്രദേശത്തുള്ള കുട്ടികളുടെ പഠനം മുടങ്ങി. ആളുകള്‍ക്ക് ജോലിക്ക് പോകാനും കഴിയില്ല. രോഗികളാണ് ഏറ്റവും കൂടുതല്‍ വലയുന്നത്. വഞ്ചിയിറക്കി ആളുകളെ അക്കരയിക്കരെ കടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ശക്തതമായ ഒഴുക്കുള്ളതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത് ദുഷ്‌ക്കരമായേക്കും. ചപ്പാത്ത് ഉയരം കൂട്ടുകയോ, പുതിയ പാലം പണിയുകയോ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. മഴക്കാലമായാല്‍ വീടുകളില്‍ നിന്ന് പുറത്തു പോകുന്നവര്‍ ചിലപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷം മടങ്ങി വരുന്ന സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്.

 

Back to top button
error: Content is protected !!