ഹെൽത്തി കേരള ‘* 9 സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യ വിഭാഗത്തിൻ്റെ നടപടി_

 

കോലഞ്ചേരി:ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന ‘ഹെൽത്തി കേരള’ കാമ്പയിൻ്റെ ഭാഗമായി ആരോഗ്യവിഭാഗം തിരുവാണിയൂർ, വണ്ടിപ്പേട്ട, മാമല, ശാസ്താമുഗൾ, പുത്തൻകുരിശ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 9 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.

ചീഞ്ഞമീൻ രഹസ്യഅറയിൽ

മാമലയിലെ മത്സ്യ വില്പനശാലകളിൽനിന്നും ഒരാഴ്ചയിലേറെ പഴക്കമുള്ള 22 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. മീൻതട്ടിനു പുറകിലായി രഹസ്യഅറയിൽ കഷണങ്ങളാക്കി,
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഴുകിയ മത്സ്യം ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. കൂടിയ വിലയ്ക്ക് മുറിച്ചു വില്ക്കുന്ന തരം മത്സ്യം വാങ്ങുന്നവർക്ക് പുതിയ മത്സ്യത്തോടൊപ്പം ഇത്തരം പഴകിയ മീൻകഷണങ്ങളും ചേർത്തു വില്ക്കുന്നതായി ജനങ്ങൾ പരാതിപ്പെട്ടിരുന്നു.

*മാലിന്യം മുതൽ കരിഞ്ഞ എണ്ണ വരെ* !
▪︎പാചകശാലകളിലെ ഭക്ഷണമാലിന്യം ആഴ്ചകളായി നീക്കം ചെയ്യാതെ രോഗാണു സംക്രമണ സാധ്യതയ്ക്കിടയാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവന്നതിനും, മാലിന്യം പൊതുവഴിയിലേക്ക് ഒഴുക്കിയതിനും 4 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി. പാചകത്തിനും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഹോട്ടലുകളിലും ബേക്കറികളിലും നിയമിച്ചിരുന്ന ഹെൽത്ത് കാർഡില്ലാത്ത 7 പേരെ അത്തരം ജോലി ചെയ്യുന്നതിൽ നിന്നും വിലക്കി. 4 ഹോട്ടലുകളിൽ പഴകിയ ഭക്ഷണവും പാചകചേരുവകളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
പലഹാരനിർമ്മാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ആഴ്ചകളായി ആവർത്തിച്ച് ഉപയോഗിച്ചുവന്ന 12 ലിറ്റർ കരിഞ്ഞ പാചകഎണ്ണ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.
തിരുവാണിയൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജിയുടെ നേതൃത്ത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എൻ.വിനയകുമാർ, റ്റി.എസ്. അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.( സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)
ഫോട്ടോ: (തിരുവാണിയൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജിയുടെ നേതൃത്ത്വത്തിൽ പരിശോധന നടത്തുന്നു)

Back to top button
error: Content is protected !!