തുരുമ്പെടുത്ത് നശിക്കുന്ന കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ച് നഗരസഭ

മൂവാറ്റുപുഴ: തുരുമ്പെടുത്ത് നശിക്കുന്ന കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണത്തിന് പണം അനുവദിച്ച് മൂവാറ്റുപുഴ നഗരസഭ. മേല്‍ക്കൂര തുരുമ്പെടുത്ത് നശിക്കാറായ വവ്വാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിക്കായി 3.50 ലക്ഷത്തോളം രൂപയാണ് നഗരസഭ അനുവദിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തെ അപകടത്തിലാക്കുന്ന തുരുമ്പ് നീക്കം ചെയ്യുന്നതിനും, പെയ്ന്റ് ചെയ്തു സംരക്ഷിക്കാനും, ടെന്‍സൈല്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂര കഴുകി വൃത്തിയാക്കുന്നതിനും, ബസ് ഷെല്‍റ്ററിലേക്ക് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനുമായണ് പണം അനുവദിച്ചിരിക്കുന്നത്. ഇതിന് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി നഗരസഭ ചെയര്‍മാന്‍ പി.പി.എല്‍ദോസ് പറഞ്ഞു. 2019ല്‍ 40 ലക്ഷം രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയക്കിയ ബസ് കാത്തുനില്‍പ്പ് കേന്ദ്രത്തിന്റെ വവ്വാലിന്റെ മാതൃകയിലുള്ള മേല്‍ക്കൂര തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം ഇതുവരെയും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. കാലവര്‍ഷം എത്തി മഴകനത്തതോടെ മേല്‍ക്കൂരക്ക് മുകളിലെ പൈപ്പുകളിലാണ് തുരുമ്പ് വ്യാപിച്ചിരിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ താഴെ നിന്ന് നോക്കിയാല്‍ പൈപ്പുകളിലെ തുരുമ്പുള്ളത് മനസ്സിലാക്കാന്‍ സാധിക്കില്ല, എന്നാല്‍ സമീപത്തെ കോടതി സമുച്ചയത്തിന്റെ മുകളില്‍നിന്ന് നോക്കിയാല്‍ പൈപ്പുകള്‍ അപകടാവസ്ഥയിലായിരിക്കുന്നത് വ്യക്തമാകും.

 

Back to top button
error: Content is protected !!