വ​ഴി​ത്ത​ല​യി​ൽ വൈ​ക്കോ​ൽ ലോ​റി​യ്ക്ക് തീ​പി​ടി​ച്ചു

മാറിക: വൈക്കോലുമായെത്തിയ ലോറിയില്‍ തീപിടിച്ചു. പാലക്കാട് നിന്ന് വഴിത്തലയ്ക്ക് വൈക്കോലുമായെത്തിയ ലോറിയിലെ വൈക്കോല്‍ കെട്ടിനാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടെ വഴിത്തലയിലായിരുന്നു സംഭവം. വഴിത്തല പള്ളിപ്പുറം കവലയില്‍ ലോറി തിരിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ലോറിയുടെ പിന്നില്‍ തീ പടര്‍ന്നു പിടിച്ചതോടെ ഡ്രൈവര്‍ ലോറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് സമീപവാസിയായ വടക്കേടത്ത് കുട്ടായി ലോറിയുടെ ഡ്രൈവര്‍ സീറ്റില്‍ കയറി വാഹനം അരകിലോമീറ്റര്‍ അകലെയുള്ള ജെ.ജെ. സര്‍വീസ് സ്റ്റേഷനില്‍ ഓടിച്ച് എത്തുകയായിരുന്നു. സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരുടേയും തൊട്ടടുത്തുള്ള ക്രഷറില്‍ നിന്നെത്തിയ വാഹനത്തിന്റേയും സഹായത്തോടെ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമന രക്ഷാസേനകളെത്തി മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ തീ അണക്കുകയായിരുന്നു. വൈക്കോല്‍ പൂര്‍ണമായും കത്തി നശിച്ചു. ലോറിക്ക് കേടുപാടുകളില്ല.

Back to top button
error: Content is protected !!