ഹ​വാ​ല പ​ണം ഒ​ഴു​കി​യ​ത് സി​നി​മാ മേ​ഖ​ല​യി​ലേ​ക്കെ​ന്ന് സൂ​ച​ന

മൂവാറ്റുപുഴ: ഡല്‍ഹിയില്‍ നിന്നുള്ള ഹവാല പണം ഒഴുകിയെത്തിയത് സിനിമാ മേഖലയിലേക്കെന്ന് സൂചന. 500 കോടിയുടെ ഹവാല പണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയെന്നാണ് വിവരം. മൂവാറ്റുപുഴയിലെ അന്വേഷണം പൂര്‍ത്തിയാക്കിയ ഡല്‍ഹി പൊലീസ് സംഘം ഇപ്പോള്‍ കൊച്ചിയിലാണ് അന്വേഷണം നടത്തുന്നത്. സിനിമാ നിര്‍മാണ മേഖലയില്‍ പുതുതായി കടന്നുവന്നിട്ടുള്ള ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും വിവരമുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ശേഷം ഈ അക്കൗണ്ടുകളില്‍നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി തീവ്ര നിലപാടുകളുള്ള ചില സംഘനകളുടെ നേതൃത്വത്തിലേക്ക് എത്തിച്ചതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. കമ്മീഷന്‍ നല്‍കിയാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. ഇതിനു നേതൃത്വം നല്‍കിയ ഇടനിലക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. റൂറല്‍ ജില്ലാ പരിധിയില്‍ നേരത്തെ മുതല്‍ ഹവാല പണം കൈമാറ്റം നടത്തിയിരുന്നവരും ഡല്‍ഹി പൊലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും നിരീക്ഷണത്തിലാണ്. നേരത്തെ ഹവാല പണം ഇടപാട് നടത്തിയിരുന്നവര്‍ പിന്നീട് സ്വര്‍ണ കള്ളക്കടത്തിലേക്ക് തിരിയുകയും പലരും പിടിക്കപ്പെടുകയും ചെയ്തിരുന്നു.

 

Back to top button
error: Content is protected !!