തൊടിയിലും പറമ്പുകളിലും വിരിയുന്ന നാടന്‍ കൂണിനെ കണ്ടവരുണ്ടോ

 

മൂവാറ്റുപുഴ : പണ്ട് പറമ്പുകളില്‍ തനിയെ മുളച്ചു പൊന്തുന്ന നാടന്‍ കൂണിന്റെ രുചിയറിയാത്തവര്‍ ഇല്ലായിരുന്നു. എന്നാല്‍ പുതുതലമുറയ്ക്ക് നാടന്‍ കൂണിനെ കുറിച്ച് പഴമക്കാരില്‍ നിന്നുള്ള കേട്ടറിവു മാത്രമാണുള്ളത്. പാവക്കൂണ്‍, കച്ചിക്കൂണ്‍, അരിക്കൂണ്‍, ഉപ്പുകൂണ്‍, പെരുംകൂണ്‍, വെട്ടിക്കാടന്‍കൂണ്‍, പനംകുണ്‍ എന്നിവയാണ് കേരളത്തില്‍ പ്രധാനമായി കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ കൂണുകള്‍. ഇതില്‍ രുചിയില്‍ കേമന്‍ പാവക്കുണാണ്. പാവക്കൂണ്‍ അടുത്തടുത്ത് രണ്ടോ മൂന്നോ എണ്ണം സാധാരണയായി കാണും. പെരുംകൂണ്‍ മഴയുള്ളപ്പോള്‍ വെളുപ്പു നിറത്തില്‍ മൊട്ടും വിരിഞ്ഞതുമായി അധികമുണ്ടാവും. വെട്ടിക്കാടന്‍ കൂണ്‍ മരങ്ങളുടെ ചുവട്ടിലായി കാണുന്ന ചിതല്‍പ്പുറ്റില്‍ എണ്ണത്തില്‍ കൂടുതലായി ഉണ്ടാവും. അല്പം കറുപ്പുനിറവും ഇതിനുണ്ടാകും. പനങ്കൂണ്‍ പനയുടെ തടിയിലുണ്ടാവുന്നത്. ഏറ്റവും ചെറിയ കൂണാണ് അരിക്കൂണ്‍. കറിയ്ക്കും സൂപ്പിനും ഇവന്‍ ഒന്നാന്തരം.ചെറുതും കൂട്ടമായും ഉണ്ടാകുന്ന ഉപ്പുകൂണ്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഉപ്പ് വാരിവിതറിയപോലെ കാണപ്പെടുന്നതുകൊണ്ടാണ് ഉപ്പുകൂണ്‍ എന്ന പേര് വന്നത്. ചെറുതായതിനാല്‍ വൃത്തിയാക്കി ഒരുക്കി എടുക്കുന്നതിന് സമയം എടുക്കും. പാടത്തെ കൊയ്ത്ത് കഴിഞ്ഞ് വയ്‌ക്കോല്‍ കൂട്ടിയിട്ടു കഴിയുന്‌പോള്‍ അതില്‍ ഉണ്ടാകുന്ന വൈക്കോല്‍ കൂണും ഭക്ഷ്യയോഗ്യമാണ്. കീടനാശിനികളും കളനാശിനികളും പ്രയോഗിക്കാത്ത ധാരാളം ഇലകളും മരങ്ങളും, ജൈവവസ്തുക്കളും അലിഞ്ഞു ചേര്‍ന്ന മണ്ണിലാണ് സമൃദ്ധമായി കൂണുകളുണ്ടാകുന്നത്. രാസവള പ്രയോഗമാണ് ഇന്ന് കൂണുകള്‍ കുറയാന്‍ ഒരു കാരണം. പറന്പുകളെല്ലാം തെളിഞ്ഞതും ജൈവവൈവിധ്യം ഇല്ലാതായതുമൊക്കെ കൂണുകളുടെ വളര്‍ച്ചയെ ബാധിച്ചു. ഒരിക്കല്‍ കൂണ്‍ ഉണ്ടായിടത്ത് അടുത്ത വര്‍ഷം വീണ്ടും ഉണ്ടാകാറുണ്ട്. ഒരു ദിവസത്തെ ആയുസ് മാത്രമായിരിക്കും മിക്ക കൂണുകള്‍ക്കും. അതേസമയം പറമ്പില്‍ നിന്നും കിട്ടുന്ന എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. ചിലതിനു വിഷമുണ്ട്.

 

Back to top button
error: Content is protected !!