കൊയ്ത്തുത്സവത്തിനൊരുങ്ങി കടുവേലി പാടശേഖരം

മൂവാറ്റുപുഴ: കൊയ്ത്ത് ഉത്സവത്തിനൊരുങ്ങി കടുവേലി പാടശേഖരം. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ കടുവേലിപാടശേഖരത്തിലെ നാല് ഏക്കര്‍ തരിശ് പാടത്ത് വിളഞ്ഞ് നില്‍ക്കുന്ന നെല്‍കൃഷി ഏതൊരാളുടെയും കണ്ണിന് കുളിര്‍മയേകും. നാല് ഏക്കറിലധികം വരുന്ന പാടശേഖരത്തില്‍ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെ നിറഞ്ഞ് കവിഞ്ഞ് കിടക്കുകയായിരുന്നു. കാട് കയറി ഉപയോഗശൂന്യമായി കിടന്ന സ്ഥലം നിരവധി പേരുടെ ആഴ്ചകളോളം നീണ്ട പരിശ്രമംകൊണ്ടാണ് മാലിന്യങ്ങള്‍ നീക്കംചെയ്ത് കൃഷിയോഗ്യമാക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിന് മുകളില്‍ കൃഷിചെയ്യാതെ തരിശ്ശായി കിടന്ന പാടം കിസാന്‍ സഭ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പോള്‍ പൂമറ്റത്തിന്റെ നേതൃത്വത്തില്‍ റെജി ഐസക്ക് മൂലംകുഴി, സുധീപ് പാലമൂട്ടില്‍, പ്രിന്‍സ് ആനിയ്ക്കാട് എന്നിവരുടെ നേതൃത്തത്തില്‍ ഉഴുത് കൃഷിയിറക്കിയത്. കഴിഞ്ഞ ഡിസംബര്‍ 2ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ നടീല്‍ ഉദ്ഘാടനം ചെയ്തു.നടീല്‍ യന്ത്രം ഉപയോഗിച്ചാണ് ഞാറ് നട്ടത്. കൃഷിയ്ക്കാവശ്യമായ വെള്ളം ലഭിയ്ക്കുന്നതിന് താല്കാലിക ചിറയും നിര്‍മ്മിക്കേണ്ടി വന്നിരുന്നു. 31 ന് രാവിലെ 10ന് കിസ്സാന്‍ സഭ ജില്ല സെക്രട്ടറി കെ.എം.ദിനകരന്‍ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്യും.

Back to top button
error: Content is protected !!