സംസ്ഥാനത്തെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ഹരിത കേരളം മിഷന്‍

കൊച്ചി: പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ സംസ്ഥാനത്തെ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പശ്ചിമഘട്ടത്തിലുള്ള 9 ജില്ലകളിലെ നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തും. സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം എന്ന പേരില്‍ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ഒന്നാം നിര, രണ്ടാം നിര നീര്‍ച്ചാലുകളുടെ ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടു. ഇങ്ങനെ ഭൂമിയില്‍ വെള്ളം തങ്ങി നില്‍ക്കുന്നു. അടുത്ത മഴക്ക് കൂടുതല്‍ വെള്ളം സംഭരിക്കുന്നതോടെ നിരവധി പേരുടെ ജീവനും സ്വത്തും ഇല്ലാതാക്കുന്ന രീതിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നു. ഇത് തടയാന്‍ സംസ്ഥാനത്തെ 230 പഞ്ചായത്തുകളിലായി 63,000 കിലോമീറ്ററിലധികം നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി. ആദ്യ ഘട്ടമായി നീര്‍ച്ചാലുകളുടെ അടയാളപ്പെടുത്തല്‍ ഐടി മിഷന്‍ വികസിപ്പിച്ച പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നടത്തും. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. മറ്റു ജില്ലകളിലുംവൈകാതെ പദ്ധതി തുടങ്ങും. അടയാളപ്പെടുത്തലിനായി റീബില്‍ഡ് കേരളയില്‍ പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം നടത്തുക.

 

 

Back to top button
error: Content is protected !!