പൂതൃക്ക കോൺഗ്രസ്സിൽ വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നു… വിമതനായി മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗത്തെ തിരിച്ചെടുത്തതിനെതിരേ കോണ്‍ഗ്രസില്‍ പ്രതിഷേധം

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം സടകുടഞ്ഞെഴുന്നേറ്റ കോൺഗ്രസ്സ് ഗ്രൂപ്പ് പോര് ഇടവേളക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും പോര് മുറുക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗത്തെ കോൺഗ്രസ്സിൽ മെമ്പർഷിപ്പ് നല്കി തിരിച്ചെടുത്തതിനെ ചൊല്ലിയാണ് വീണ്ടും കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായത്. പൂതൃക്ക പഞ്ചായത്തിലെ പൂതൃക്ക വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഒദ്യോഗീക സ്ഥാനാര്‍ഥിയായിരുന്ന തമ്പിചേലോടത്തിനെതിരെ റിബലായി മത്സരിച്ചതിനെ തുടര്‍ന്ന് 5 വര്‍ഷത്തേക്ക് പുറത്താക്കപ്പെട്ട പഞ്ചായത്ത് അംഗം എം.വി. ജോണിയെ ആണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. വ്യാജ പ്രസ്താവന നടത്തി സ്വീകരണ യോഗം സംഘടിപ്പിച്ച ഐ ഗ്രൂപ്പ് നേതാക്കളായ ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരേയാണ് ശക്തമായി പ്രതികരിക്കാനും രംഗത്തിറങ്ങാനും ഒരു വിഭാഗം എ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. കെ.പി.സി.സിയുടെ തീരുമാനമനുസരിച്ച് ഡി.സി.സി പ്രസിഡന്റ് ആണ് വിമതരെ തിരിച്ചെടുക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അങ്ങനെ ഒരു ചര്‍ച്ച പോലും നടക്കാത്ത സന്ദര്‍ഭത്തിലാണ് ഗൂഢ പദ്ധതിയുമായി മണ്ഡലം-ബ്ലോക് പ്രസിഡന്റുമാര്‍ രംഗത്തുവന്നിരിക്കുന്നത്. വിമത നീക്കങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനും പുതിയ തലമുറയെ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റാനുമേ സഹായിക്കൂ എന്നും ഇവർ പറയുന്നു.എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കുത്തക സീറ്റുകളിൽ പലതും കളഞ്ഞ് കുളിക്കാൻ അവസരം ഒരുക്കിയത് എ വിഭാഗത്തിൻ്റെ സ്വജനപക്ഷപാത നീക്കമാണെന്ന് ഐ ഗ്രൂപ്പും പറയുന്നു.കോൺഗ്രസ്സിലെ ഗ്രൂപ്പ് വീതം വെപ്പ് രാഷ്ട്രീയവും സീറ്റ് കച്ചവടവും അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടിയുടെ വളർച്ച മണ്ഡലത്തിൽ കീഴ്പ്പോട്ടായിരിക്കുമെന്ന് നിക്ഷ്പക്ഷവാദികളും പാർട്ടി പ്രവർത്തകരും അഭിപ്രായപ്പെടുന്നു.

 

Back to top button
error: Content is protected !!