പൈനാപ്പിൾ കൃഷിക്കാരെ സർക്കാർ പറഞ്ഞു വഞ്ചിച്ചു- രമേശ് ചെന്നിത്തല

വാഴക്കുളം: സർക്കാർ പൈനാപ്പിൾ കൃഷിക്കാരെ പറഞ്ഞു വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൈനാപ്പിൾ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നടത്തിയ ഉപവാസസമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈനാപ്പിൾ കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുക, കടബാധ്യത മൂലം ആത്മഹത്യ ചെയ്ത അനിലിന്റെ കുടുംബാംഗത്തിനു ധനസാഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.പി.യുടെ ഉപവാസം. ലോക്ക്ഡൗൺ സമയം മുതൽ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇപ്പോൾ ഒരു കർഷകൻ ആത്മഹത്യ ചെയ്തിട്ടും സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി
പറഞ്ഞു. പൈനാപ്പിൾ കർഷകർ ഉൾപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി ഹ്രസ്വകാല പദ്ധതികളും, ദീർഘകാല പദ്ധതികളുമുണ്ടാകണം. ആത്മഹത്യ ഒഴിവാക്കണമെങ്കിൽ കടങ്ങൾ പൂർണ്ണമായും എഴുതി തള്ളണം. മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷക ആത്മഹത്യകൾ ഉണ്ടായപ്പോൾത്തന്നെ യു.പി.എ. സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിതള്ളിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ അതിന്റെ ആനുകൂല്യങ്ങൾ സാധാരണക്കാരായ കൃഷിക്കാർക്കു ലഭിക്കുന്നില്ലെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. കോവിഡ് ലോക്ഡൗൺ ആരംഭിച്ചപ്പോൾ പൈനാപ്പിൾ കൃഷിയെ രക്ഷപ്പെടുത്താനെന്ന നിലയിൽ പ്രഖ്യാപിച്ചതെല്ലാം തട്ടിപ്പായിരുന്നു. ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തുമെന്ന് വാഗ്ദാനം നൽകിയെങ്കിലും നടന്നില്ല. ന്യായവിലയായി 30 രൂപയെങ്കിലും ഉറപ്പാക്കിയെങ്കിൽ മാത്രമേ കർഷകന് ഈ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു. സർക്കാരിൻറെ പ്രഖ്യാപനങ്ങൾ ജനങ്ങളെ പറ്റിക്കുന്ന തരത്തിലെത്തിയപ്പോഴാണ് അനിലിന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സർക്കാരിന്റെ അനുഭാവപൂർണ്ണമായ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും രമേശ് ചെന്നിത്തല ഓർമ്മപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എം.പി., എം.എൽ.എ.-മാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ എം.എൽ.എ-മാരായ ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, ഫ്രാൻസിസ് ജോർജ്ജ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷനായിരുന്നു. ഉപവാസ സമരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്, ഡി.കെ.ടി.എഫ്. സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ, എ. മുഹമ്മദ് ബഷീർ, കെ.എം. പരീത്, എൻ.ജെ. ജോർജ്ജ്, കെ.എം. സലിം, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണൻ, സുഭാഷ് കടയ്ക്കോടൻ സി.എം.പി. നേതാവ് സുരേന്ദ്രൻ, ടോമി തന്നിട്ടമാക്കൽ, സമീർ കോണിക്കൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!