നെല്ലിക്കുഴിയിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യക്കൂമ്പാരം

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യക്കൂമ്പാരമെന്ന് പരാതി. ലക്ഷങ്ങള്‍ ചെലവഴിച്ച ക്ലീന്‍ നെല്ലിക്കുഴി പദ്ധതി പ്രയോജനം കണ്ടില്ലെന്നും ആരോപണമുണ്ട്. പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളുടെ അരികിലാണ് ഭക്ഷണ വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങള്‍ ദിവസങ്ങളായി കെട്ടിക്കിടക്കുന്നത്. കോതമംഗലം പെരുമ്പാവൂര്‍ റോഡില്‍ പടിഞ്ഞാറെ ഇരുമലപ്പടി കവലയിലാണ് വലിയ മാലിന്യകൂമ്പാരം. ചെറുതും വലുതുമായ പ്ലാസ്റ്റിക് ബാഗിലും ചാക്കിലുമായി വിവിധ തരത്തിലുള്ള മലിനവസ്തുക്കളാണ് നിക്ഷേപിച്ചിരിക്കുന്നത്. ചെറുവട്ടൂര്‍ 314 ഭാഗത്ത് ക്ലീന്‍ നെല്ലിക്കുഴി ബോര്‍ഡ് സ്ഥാപിച്ചതിന്റെ ചുവട്ടിലും നെല്ലിക്കുഴി കവലയില്‍നിന്ന് തൃക്കാരിയൂര്‍ റോഡില്‍ പെരിയാര്‍ വാലി കനാലിന്റെ ബണ്ടിലും വിവിധ സ്ഥലത്തായി മാലിന്യം തള്ളിയിട്ടുണ്ട്.

314 ഭാഗത്തെ മാലിന്യക്കൂമ്പാരത്തില്‍ ആശുപത്രി മാലിന്യങ്ങളും തള്ളിയിരിക്കുന്നതായി കാണാം. പഞ്ചായത്തിലെ 21 വാര്‍ഡിലും വീടുകളിലും സ്ഥാപനങ്ങളില്‍നിന്നും മാസത്തില്‍ മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. മിക്കവാറും വാര്‍ഡുകളില്‍ ഇവര്‍ കൃത്യമായെത്തി മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇതുമായി സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വാര്‍ഡില്‍ ഉള്ളവരും പുറമെ നിന്നുള്ളവരും കൊണ്ടുവന്ന് തള്ളുന്ന മാലിന്യമാണ് കുമിഞ്ഞുകൂടിയിരിക്കുന്നത്.
കെട്ടികിടക്കുന്ന മാലിന്യം ഈച്ചയും പുഴുവും അരിച്ച് ദുര്‍ഗന്ധവും കൊതുകും പെരുകുന്നതിനും ഇടയാക്കുന്നുണ്ട്. മഴവെള്ളത്തോടൊപ്പം മാലിന്യം ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പലവിധ പകര്‍ച്ചവ്യാധിക്കും ജലജന്യരോഗങ്ങള്‍ക്കും ഇടയാക്കുമെന്ന ആശങ്കയും ജനത്തിനുണ്ട്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിരവധി പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഒരു വാര്‍ഡില്‍ തന്നെ 40ഓളം പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇപ്പോഴും നിരവധി പേരാണ് രോഗത്തിന് ചികിത്സ തേടിയിട്ടുള്ളത്. പൊതുയിടങ്ങളില്‍ മാലിന്യംതള്ളുന്നത് ശിക്ഷാര്‍ഹമാണെന്ന് പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിലെ മുന്നറിയിപ്പ് അവഗണിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Back to top button
error: Content is protected !!