ഇനി ചിരിയോർമ്മ, പ്രിയപ്പെട്ട ഇന്നസെന്റിന് വിടചൊല്ലി കലാകേരളം

ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം. സംസ്‌കാരം വന്‍ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു. വീട്ടിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്‌കാരിക ലോകത്തെ പ്രമുഖരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും വീട്ടിലുമെത്തി ആയിരക്കണക്കിനാളുകളാണ് പ്രിയപ്പെട്ട ഇന്നച്ഛന് അന്ത്യാഞ്ജലി നേര്‍ന്നത്. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ പ്രിയപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. പലരും കണ്ണീര്‍ വാര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, ലാല്‍ തുടങ്ങി സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാനെത്തി. അഭിനേതാവ് എന്നതിനൊപ്പം വലിപ്പച്ചെറുപ്പമില്ലാതെ മലയാള സിനിമാ ലോകത്തെ ഒന്നടക്കം ചേര്‍ത്തു പിടിച്ച വ്യക്തിത്വങ്ങളിലൊരാളെന്നാണ് ഇന്നസെന്റിനെ സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നത്. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് പ്രസിഡന്റ് പദവിയില്‍ പതിനെട്ട് വര്‍ഷത്തോളം കാലയളവില്‍ അദ്ദേഹമിരുന്നതിന് കാരണവുമതാണ് ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാന്‍ കഴിയുന്നൊരിടമായിരുന്നു ഇന്നസെന്റ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ‘പാര്‍പ്പിടം’ എന്ന വീടുമെന്ന് സഹപ്രവര്‍ത്തകരും ഓര്‍മ്മിക്കുന്നു. ആ വീട്ടില്‍ നിന്നും ഇന്നച്ഛന്‍ ഇന്ന് അവസാനം വിടപറഞ്ഞപ്പോള്‍ ജനം തേങ്ങലടക്കി. 750 ഓളം ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നച്ചന്റെ മത്തായിച്ചേട്ടനെയും വാര്യരെയും കിട്ടുണ്ണിയെയുമൊന്നും ഒരുകാലത്തും മലയാളിക്ക് മറക്കാനാകില്ല. 1972 -ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം അര നൂറ്റാണ്ട് കാലമാണ് മലയാളത്തെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് വീണ്ടും മലയാളിക്ക് മുന്നില്‍ നിറ ചിരി തെളിയിച്ച ഇന്നച്ഛനെ മരണം കവര്‍ന്നെടുത്തെങ്കിലും കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നുറപ്പ്.

 

Back to top button
error: Content is protected !!