ഡിന്‍സിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തി: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായി വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

വാഴക്കുളം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനവുമായി വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. മഞ്ഞള്ളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പരേതനായ മേയ്ക്കല്‍ മനോജിന്റെ ഭാര്യ ഡിന്‍സിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള 40 ലക്ഷം രൂപ കണ്ടെത്തുന്നതിനായാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സുമനസുകളുടെ സഹായത്തോടെ ചികിത്സക്കും തുടര്‍ച്ചയ്ക്കുമായി 58 ലക്ഷത്തോളം രൂപ ധന സഹായമായി ലഭിച്ചു. ഇതിനായി വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 20 അംഗ ധന സമാഗരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. സ്വദേശത്തുള്ളവരും വിദേശത്തുള്ളവരും ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കുറഞ്ഞ കാലയളവിലല്‍ ഇത്രയും തുക കണ്ടെത്താന്‍ സാധിച്ചത്.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടക്കുന്ന ചികിത്സയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഫാ. തോമസ് മഞ്ഞ കുന്നേല്‍ സിഎംഐ, അഡ്വക്കറ്റ് ജോണി മെതിപ്പാറ, സിജു സെബാസ്റ്റ്യന്‍, സാജു ടി ജോസ്, ഡോക്ടര്‍ മാത്യൂസ് നമ്പേലി, ഡോ. സോണി ജെയിംസ്, തോമസ് വര്‍ഗീസ്, ജിജി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, ആവശ്യത്തിനുള്ള പണം ലഭിച്ചതിനാല്‍ ധനസമാഹരണം അവസാനിപ്പിച്ചതായും, വാഴക്കുളം മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടും കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനമായ സിജു സെബാസ്റ്റ്യന്‍ പറഞ്ഞു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ട ശേഷം ഡിന്‍സി വാടക വീട്ടിലായിരുന്നു താമസം. സിഎംസി സിസ്റ്റേഴ്സ് സൗജന്യമായി നല്‍കിയ സ്ഥലത്ത് വാഴക്കുളം പിഒ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഏക മകനാണ് ഒപ്പമുള്ളത്. സുമനസ്സുകളുടെ സഹായത്തോടെ പുതു ജീവന്‍ ലഭിച്ച സന്തോത്തിലാണ് ഡിന്‍സി.

Back to top button
error: Content is protected !!