മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡില്‍ പൂനൂര്‍ ഭാഗം നിര്‍മ്മാണം: 66 ലക്ഷം രൂപയുടെ അംഗീകാരമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ.

പെരുമ്പാവൂര്‍ : മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡില്‍ പൂനൂര്‍ ഭാഗത്തെ നവീകരണത്തിനായി 66 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. വളയന്‍ചിറങ്ങര മുതല്‍ വെങ്ങോല വരെയുള്ള രണ്ടര കിലോമീറ്റര്‍ ഭാഗം നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസം തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. നിരവധി തവണ ഈ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പദ്ധതി വൈകുന്നതിനുള്ള അതൃപ്തി കിഫ്ബി പ്രോജെക്ട് എന്‍ജിനീയറെ നേരിട്ട് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. എറണാകുളം ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളില്‍ കൂടി കടന്നുപോകുന്ന റോഡാണ് മണ്ണൂര്‍ – പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. പെരുമ്പാവൂര്‍ ടൗണില്‍ കൂടി പോകാതെ തന്നെ പടിഞ്ഞാറന്‍ മേഖലയിലേക്ക് എത്തിച്ചേരുന്നതിനും മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് സഹായകരമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നുണ്ട്. ദീര്‍ഘനാളായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുടങ്ങിക്കിടന്ന മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ ഇനിയും പൂര്‍ത്തികരിക്കേണ്ട ഭാഗം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. പുതിയ കരാര്‍ ഏറ്റെടുത്തിട്ടുള്ള രാജേഷ് മാത്യു കമ്പനി ഈ മാസം തന്നെ നിര്‍മാണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ മണ്ണൂര്‍ ഭാഗത്തു നിന്നായിരിക്കും നിര്‍മാണം തുടങ്ങുന്നത്.

 

Back to top button
error: Content is protected !!