കര്‍ഷകര്‍ക്ക് കൈത്താങ്ങായി സമൃദ്ധി

കോതമംഗലം: കോതമംഗലത്തെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി സമൃദ്ധി സംഭരണ വിപണന കേന്ദ്രം നെല്ലിമറ്റത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും കോതമംഗലം നഗരസഭയിലെയും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുവാനും ഗുണമേന്മയുള്ള നാടന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമായുള്ള സംഭരണ വിപണന കേന്ദ്രമാണ് സമൃദ്ധി. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.8 ലക്ഷം രൂപ ചെലവിലാണ് സമൃദ്ധി കേന്ദ്രം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് കോവിഡ് ലോക് ഡൗണ്‍ കാലത്ത് കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു കാര്‍ഷിക വിപണി കോതമംഗലത്ത് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് തലത്തിലുള വിപണിയുടെ ആവശ്യകതയും സാധ്യതയും തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ‘സമൃദ്ധി’ എന്ന ആശയം രൂപം കൊണ്ടത്.

പഞ്ചായത്തുകളില്‍ നിന്നും നഗരസഭയില്‍ നിന്നും തിരഞ്ഞെടുത്ത 15 പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് വിപണിയുടെ പ്രവര്‍ത്തനം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ എല്ലാ ദിവസവും സമൃദ്ധി കേന്ദ്രത്തില്‍ എത്തിക്കാം. ഈ ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ ഇവിടെ സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന നാടന്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. എല്ലാ വ്യാഴാഴ്ചയും ചന്ത ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. അന്ന് മാത്രം സംഭരണവും വിപണനവും ചന്തയുടെ രീതിയിലായിരിക്കും. നെല്ലിമറ്റം പുല്ലുകുത്തിപ്പാറയായിലാണ് സമൃദ്ധി വിപണന കേന്ദ്രം സ്ഥിതിചെയ്യുന്നത്

Back to top button
error: Content is protected !!