ചരമംരാഷ്ട്രീയം

ആലുവ മുന്‍ എം.എല്‍.എ കെ.മുഹമ്മദാലി അന്തരിച്ചു

ആലുവ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എം.എല്‍.എയുമായിരുന്ന കെ. മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആലുവയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ (6, 7, 8, 9, 10, 11 നിയമസഭകളില്‍) നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീര്‍ഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകുകയായിരുന്നു. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ ഞര്‍ളക്കാടന്‍ എ. കൊച്ചുണ്ണി- നബീസ ദമ്പതികളുടെ മകനായിരുന്നു. കെ.എസ്.യു (196668), യൂത്ത് കോണ്‍ഗ്രസ് (196872) എറണാകുളം ജില്ലാ പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി (197275), ഡി.സി.സി വൈസ് പ്രസിഡന്റ് (1976), കെ.പി.സി.സി നിര്‍വാഹക സമിതിയംഗം, എ.ഐ.സി.സി അംഗം (1973), എം.ജി യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, കുസാറ്റ് സെനറ്റംഗം, കെ.ടി.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്നീ പദവികളില്‍ വഹിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സ് (മോസ്‌കോ-1973), ഹജ്ജ് പ്രതിനിധി (1999), സ്റ്റേറ്റ് കോര്‍പറേറ്റീവ് യൂണിയന്‍ മാനേജിങ് കമ്മിറ്റിയംഗം, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സൊസൈറ്റി ലിമിറ്റഡ് ബോര്‍ഡ് അംഗം, രാജ്യ സൈനിക ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി വിപ്പ്, പ്രസിഡന്റ്, എറണാകുളം ജില്ല സഹകരണ ബാങ്ക് ഡയറക്ടര്‍, 1970ല്‍ ഇന്ദിര ഗാന്ധി പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന റാലി ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയാണ് സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന മുഹമ്മദാലി അതിനാല്‍ തന്നെ ഷെല്‍ന്നയെ പിന്തുണക്കുകയായിരുന്നു. എങ്കിലും പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. ഭാര്യ: പി.എം നസീം, രണ്ട് മക്കള്‍.

Back to top button
error: Content is protected !!