അഞ്ചു വർഷങ്ങൾ, ആരോഗ്യസുരക്ഷ പദ്ധതിയിൽ 6400ഓളം ഗുണഭോക്താക്കൾ

 

എറണാകുളം : പട്ടികജാതി വികസന വകുപ്പിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എറണാകുളം ജില്ലയിൽ ഗുണഭോക്താക്കൾ ആയത് 6422 പേർ. ഗുരുതര രോഗങ്ങൾക്കും അത്യാഹിതം സംഭവിക്കുന്നവർക്കും പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിയിൽ 166328604 രൂപയാണ് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുള്ളത്.

നിലവിലെ സാമ്ബത്തിക വർഷത്തിൽ അർഹരായ ആളുകൾക്കുള്ള ചികിത്സ ധനസഹായ വിതരണം തുടർന്ന് വരികയാണ്. മാരക രോഗങ്ങൾ ബാധിച്ചവർക്കും അത്യാഹിതം സംഭവിച്ചവർക്കും നേരിട്ട് 50000രൂപ വരെയാണ് കൈമാറുന്നത്. ഹൃദയ ശാസ്ത്രക്രിയ, കിഡ്നി തകരാർ, കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് ആശുപത്രി വഴി ഒരു ലക്ഷം രൂപ വരെ കൈമാറും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സ്ഥലം എം. എൽ. എ, അല്ലെങ്കിൽ എം. പി യുടെയോ ശുപാർശ കത്തുകൾ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് പട്ടിക ജാതി വികസന വകുപ്പിൽ നിന്ന് നേരിട്ട് പണം അനുവദിക്കുന്നതാണ്. . പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഗുണഭോക്താക്കൾക്ക് പണം നൽകുന്നത്. tgrantz.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്

2016-17 സാമ്ബത്തിക വർഷം 1550 പേർക്കും 2017-18 ഇൽ 1898 പേർക്കും 2018-19ഇൽ 1257 പേർക്കും 2019-20 ഇൽ 1367 പേർക്കും ധനസഹായം അനുവദിച്ചിരുന്നു. ഈ സാമ്ബത്തിക വർഷം ഇതുവരെ 350 ഗുണഭോക്താക്കൾക്ക് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സഹായധനം അനുവദിച്ചു കഴിഞ്ഞു.

Back to top button
error: Content is protected !!