ആദ്യ ഘട്ട കോവിഡ് വാക്‌സിനുകൾ ജില്ലയിലെത്തി.

എറണാകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ആദ്യ ഘട്ട കോവിഡ് വാക്‌സിൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തി. പൂനെ സെറം ഇൻസ്ടിട്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 ഓടു കൂടിയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കുകളിൽ വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ഡി. എം. ഒ ഇൻചാർജ് ഡോ.വിവേക് കുമാർ, ജില്ലാ ആർ. സി. എച്ച് ഓഫീസർ ഡോ. എം. ജി ശിവദാസ് തുടങ്ങിയവർ വാക്‌സിൻ ഏറ്റുവാങ്ങി.

പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിൽ ആയി 1.8 ലക്ഷം ഡോസ് വാക്‌സിൻ ആണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്സിലും 12000 ഡോസ് വാക്‌സിൻ ആണ് ഉള്ളത്. ഇതിൽ 73000 ഓളം ഡോസ് വാക്‌സിൻ ജില്ലയിൽ തന്നെ വിതരണം ചെയ്യാനുള്ളതാണ്. 9240 ഡോസ് വാക്‌സിൻ ഇടുക്കി ജില്ലയിലേക്കും 29170 ഡോസ് കോട്ടയം ജില്ലയിലേക്കും 30870 ഡോസ് പാലക്കാട്‌ ജില്ലയിലേക്കും 37640 ഡോസ് തൃശ്ശൂർ ജില്ലയിലേക്കും പ്രത്യേകം സജീകരിച്ചിരിക്കുന്ന ട്രക്കിൽ എത്തിച്ചു നൽകും.

ജില്ലയിൽ ആദ്യ ഘട്ടത്തിൽ 12 കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകി കഴിഞ്ഞു. ഒരു വാക്‌സിൻ കേന്ദ്രത്തിൽ ദിവസേന 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്.

ചിത്രം :എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച കോവിഡ് വാക്സിൻ കളക്ടർ എസ്.സുഹാസ് ഏറ്റുവാങ്ങുന്നു.

Back to top button
error: Content is protected !!