ബ്രഹ്‌മപുരം പ്ലാൻ്റിലെ തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ

കൊച്ചി: ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ പിഴയടക്കണം. നേരത്തെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ബ്രഹ്‌മപുരം പ്ലാന്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. രണ്ട് വേയ് ബ്രിഡ്ജുകളില്‍ ഒന്ന് മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകള്‍ അടഞ്ഞ നിലയില്‍ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീര്‍ണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗില്‍ നിന്ന് ശേഖരിച്ച ആര്‍ഡിഎഫ് കൈകാര്യം ചെയ്തത് യുക്തമല്ലാതെ. ആര്‍ഡിഎഫിന്റെ ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതല്‍ ഊര്‍ജ പ്ലാന്റ് വരെയുള്ള മേഖലയില്‍ കൂട്ടിയിടുകയായിരുന്നു. ആര്‍ഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകള്‍, മരക്കഷണങ്ങള്‍ മുതലായവ നല്ല മണ്ണുമായി കലര്‍ന്നതായി കണ്ടെത്തി. ഖരമാലിന്യത്തിന്റെ 100 ശതമാനം വേര്‍തിരിവ് ഉറവിടത്തില്‍ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ 22 ഹെല്‍ത്ത് സര്‍ക്കിള്‍ തലത്തിലും എംസിഎഫുകള്‍ സ്ഥാപിക്കണം. അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് കേരളത്തില്‍ നിന്നുള്ള കമ്പനിക്ക് കൈമാറണം. അഗ്‌നിശമനാ വകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം നിലവിലുള്ള ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും കൂടുതല്‍ അഗ്‌നിശമന ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുകയൂം വേണം. സൈറ്റില്‍ നല്‍കിയിട്ടുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ രംഗത്തുവന്നിരുന്നു. ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കൂടാതെ തീപിടുത്തത്തിന്റെ പൂര്‍ണം ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

 

Back to top button
error: Content is protected !!