സായാഹ്ന വാർത്തകൾ

2022 | ജൂൺ 6 | തിങ്കൾ | 1197 | ഇടവം 23 | മകം

 

◼️സംരക്ഷിത വന മേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരേ പ്രക്ഷോഭത്തിനിറങ്ങുമെന്നു മലയോര ജനത. കടുത്ത സമരങ്ങള്‍ തുടങ്ങരുതെന്നും പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. ഇളവിനായി സംസ്ഥാനത്തിന് എംപവേര്‍ഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

◼️സംരക്ഷിത വനമേഖലക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. കസ്തൂരിരംഗന്‍ സമരത്തെക്കാള്‍ വലിയ കര്‍ഷക സമരത്തിന് സംസ്ഥാനം സാക്ഷിയാകുമെന്ന് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.

 

◼️കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ബസ് സര്‍വീസ് മുടക്കാതെ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ചീഫ് ഓഫീസിനു മുന്നില്‍ പ്രതിഷേധം. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി സിഐടിയു ബദല്‍ രേഖ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ മാസം 20 ന് മുന്‍പ് ശമ്പളം നല്‍കാനാവില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു.

 

◼️സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഫയലുകളില്‍ ഉടന്‍ തീര്‍പ്പാക്കണം. ചില ഫയലുകള്‍ ബോധപൂര്‍വ്വം പിടിച്ചുവച്ചിരിക്കുന്നതാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല, പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു വേണ്ടത്. ജനങ്ങളെ ദ്രോഹിക്കാനാണ് തന്നെ സര്‍ക്കാര്‍ ഓഫീസില്‍ ഇരുത്തിയിരിക്കുന്നതെന്ന ഉദ്യോഗസ്ഥരുടെ രീതി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

◼️പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നല്‍കാന്‍ കൈക്കൂലി വാങ്ങിയ നാലുപേരെ വിജിലന്‍സ് അറസ്റ്റുചെയ്തു. അറസ്റ്റിലായ രണ്ടുപേര്‍ റവന്യൂ ഉദ്യോഗസ്ഥന്മാരാണ്. വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരില്‍ ഉണ്ട്. കടമ്പഴിപ്പുറം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ഉല്ലാസ്, അമ്പലപ്പാറ ഫീല്‍ഡ് അസിസ്റ്റന്റ് പ്രസാദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥര്‍. താത്കാലിക ജീവനക്കാരിയായ സുകുല, വിരമിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുകുമാരന്‍ എന്നിവരേയും അറസ്റ്റു ചെയ്തു. തൃപ്പലമുണ്ടയിലെ 12 ഏക്കര്‍ സ്ഥലം അളന്നു നല്‍കാന്‍ അര ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

 

◼️കണ്ണൂരില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ധര്‍മ്മശാല കെഎപി ക്യാമ്പിലെ അഞ്ചു കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്‍ഷന്‍. കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ റോഡില്‍ വീണു കിടന്നെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. എന്‍ കെ രമേശന്‍, ടി ആര്‍ പ്രജീഷ്, കെ സന്ദീപ്, പി കെ സായൂജ്, ശ്യാം കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.

 

 

◼️തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍നിന്നു മോഷണം പോയത് 50 പവനല്ല, 72 പവനാണെന്നു പോലീസ്. 2010 മുതല്‍ 2019 വരെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന സബ് കളക്ടറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള രജിസ്റ്റര്‍ പ്രകാരം അഞ്ഞൂറോളം പവന്‍ സ്വര്‍ണം ലോക്കറിലെത്തിയിട്ടുണ്ട്. ഇതില്‍ 72 പവന്‍ കാണാനില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

 

◼️തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എട്ടു പേര്‍ക്കു പരിക്കേറ്റു. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ രണ്ടു മണിക്കൂറോളം സംഘര്‍ഷം. ഗതാഗതം സ്തംഭിച്ചു. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ അമ്പതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് പ്രതിഷേധം.

 

◼️താനല്ല, കെ. കരുണാകരന്‍ മാത്രമാണു ലീഡറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ ഫോട്ടോയും ലീഡര്‍ എന്ന വിശേഷണവുമായി പലയിടത്തും പോസ്റ്ററുകളും ബോര്‍ഡുകളും ഇറങ്ങിയിരിക്കേയാണ് ഈ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അധ്വാനംകൊണ്ടാണ് തൃക്കാക്കരയില്‍ ജയിച്ചത്. അതിന്റെ പേരില്‍ തന്റെ മാത്രം ഫോട്ടോ വച്ചുള്ള ബോര്‍ഡുകളും പോസ്റ്ററുകളും അരുതെന്നും സതീശന്‍ വിലക്കി.

 

◼️ആര്യനാട് ചൂഴയില്‍ സ്റ്റേഷനറിക്കട ഉടമയുടെ മാല പിടിച്ചു പറിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. വെള്ളനാട് ചാരുപാറ തടത്തരികത്തു പുത്തന്‍ വീട്ടില്‍ കുഞ്ഞുമോന്‍(24), വെള്ളനാട്, കമ്പനിമുക്ക് ശാന്തഭവനില്‍ ശ്രീകാന്ത് (19), അരുവിക്കര, വെള്ളൂര്‍ക്കോണം കൈതക്കുഴി പുത്തന്‍വീട്ടില്‍നിന്ന് തൊളിക്കോട്, മന്നൂര്‍ക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന റംഷാദ് (21), ആര്യനാട് ചൂഴ ലക്ഷ്മിഭവനില്‍ സീതാലക്ഷ്മി(19)എന്നിവരാണ് പിടിയിലായത്. കഞ്ചാവു കച്ചവടക്കാരനായ കുഞ്ഞുമോന്‍ ലോക്കപ്പിലെ ടൈല്‍സ് പൊട്ടിച്ചു കൈമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു.

 

◼️വടകര തിരുവള്ളൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലീല ഏറെനാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു.

 

◼️മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് ഇനി പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറിനു സ്വന്തം. 43 ലക്ഷം രൂപയും അഞ്ച് ലക്ഷത്തോളം രൂപ ജിഎസ്ടിയും നല്‍കിയാണ് വിഘ്നേഷ് വിജയകുമാര്‍ ഥാര്‍ ലേലത്തില്‍ പിടിച്ചത്. അടിസ്ഥാനവിലയുടെ മൂന്നിരട്ടി തുകയ്ക്കാണ് ഥാര്‍ ലേലത്തില്‍ പോയത്. ലേലം വിളിക്കാന്‍ 14 പേരാണ് എത്തിയത്. ജീപ്പ് ആദ്യം ലേലം കൊണ്ട ഖത്തര്‍ വ്യവസായി അമല്‍ മുഹമ്മദ് അലി എത്തിയില്ല.

 

◼️മൊബൈല്‍ ഫോണ്‍ അമിത ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി(15)യാണ് മരിച്ചത്.

 

◼️കോഴിക്കോട് പോക്സോ കേസില്‍ 56 കാരന്‍ അറസ്റ്റില്‍. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കല്‍പത്തൂര്‍ രാമല്ലൂരില്‍ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലില്‍ വിനോദിനെയാണ് അറസ്റ്റു ചെയ്തത്.

 

◼️കൊല്ലം പത്തനാപുരത്ത് മകള്‍ അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അമ്മ ലീലാമ്മയെ മര്‍ദിച്ചതിന് മകള്‍ ലീനയ്ക്കെതിരേ കേസെടുത്തു. പ്രശ്നത്തില്‍ ഇടപെട്ട പഞ്ചായത്ത് അംഗത്തിനും മര്‍ദനമേറ്റു. അമ്മയും മകളും ആശുപത്രിയിലാണ്.

 

◼️ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് ഫര്‍ണിച്ചര്‍, ടയര്‍ സ്ഥാപനങ്ങളിലായി വന്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചു മണിയോടെ പടര്‍ന്ന തീ ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് അണച്ചത്. തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു.

 

◼️കേരളത്തില്‍ ക്രൈസ്തവരുടെ അംഗ സംഖ്യ കുറയുകയാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷിക സമ്മേളനത്തിലാണ് ഈ കണക്ക് അവതരിപ്പിച്ചത്. സഭാംഗങ്ങള്‍ ജോലിതേടി വിദേശത്തു പോകുന്നതും മക്കള്‍ ഒന്നു മതിയെന്ന ദമ്പതിമാരുടെ നിലപാടുമാണു കാരണം. 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു.

 

◼️മോദി സര്‍ക്കാരിന്റെ എട്ടു വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തിയെന്ന് ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമി. ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

 

◼️കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

 

◼️പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിനു മുന്നില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രവാക്യവുമായി ഖാലിസ്ഥാനി അനുകൂലികള്‍. മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ചിത്രങ്ങളുമായാണ് ഖാലിസ്ഥാനി ഗ്രൂപ്പായ ദല്‍ ഖല്‍സ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി എത്തിയത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 38 ാം വാര്‍ഷികത്തെ തുടര്‍ന്ന് പഞ്ചാബില്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കേയാണ് സംഭവം.

 

◼️ബിജെപി നേതാവിന്റെ മതനിന്ദ പരാമര്‍ശം രാജ്യത്തിന്റെ അഭിപ്രായമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രതിഷേധത്തിനു പിറകേയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.

 

◼️തുര്‍ക്കിക്കു പിറകേ, ഈജിപ്തും ഇന്ത്യന്‍ ഗോതമ്പ് നിരാകരിച്ചു. ഗോതമ്പു കയറ്റുമതി നിരോധനത്തിനു തൊട്ടുമുമ്പ് ഈ രാജ്യങ്ങളിലേക്കു കയറ്റിയയച്ച ഗോതമ്പ് തിരിച്ചുകൊണ്ടുവരേണ്ട സ്ഥിതിയാണ്. ആഗോള വിപണിയില്‍ ഗോതമ്പ് ക്ഷാമവും വിലക്കയറ്റവും നേരിടവേയാണ് ഇന്ത്യന്‍ ഗോതമ്പു വേണ്ടെന്നു പറഞ്ഞ് തിരിച്ചയച്ചത്. ഗോതമ്പിന്റെ പ്രധാന ഉത്പാദകരായ റഷ്യയും ഉക്രൈനും യുദ്ധം ആരംഭിച്ചതോടെയാണ് ആഗോളതലത്തില്‍ ഗോതമ്പിനു ക്ഷാമമായത്.

 

◼️ഖത്തര്‍ ലോകകപ്പിന് ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. അര്‍ജന്റീന എതിരില്ലാത്ത അഞ്ച് ഗോളിന് എസ്റ്റോണിയയെ തകര്‍ത്തു. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അഞ്ച് ഗോളും നേടിയത്. കരിയറിലെ 56-ാം ഹാട്രിക്കാണ് എസ്റ്റോണിയ്ക്കെതിരെ മെസി നേടിയത്.

 

◼️യുവേഫ നാഷന്‍സ് ലീഗില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗലിന് എതിരില്ലാത്ത നാല് ഗോളുകളുടെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് പറങ്കിപ്പട സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തത്. ഇതോടെ പോര്‍ച്ചുഗലിനായുള്ള റൊണാള്‍ഡോയുള്ള ഗോളുകളുടെ എണ്ണം 118 ആയി.

 

◼️ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38280 രൂപയായി. ജൂണ്‍ ആദ്യം കുറഞ്ഞ സ്വര്‍ണ വില പിന്നീട് ഉയരുകയാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4785 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടിട്ടുണ്ട് 5 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3950 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

 

◼️തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്ത് നിന്നും വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മെയ് മാസം 40,000 കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചതെന്നും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണമായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതിനോടകം 1.69 ലക്ഷം കോടി രൂപ ഓഹരി നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 39,993 കോടി രൂപയാണ് കഴിഞ്ഞ മാസം ഓഹരി നിക്ഷേപത്തില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് രാജ്യത്തെ ഓഹരി വിപണിയ്ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 2021 മുതല്‍ മെയ് മാസം വരെ കഴിഞ്ഞ 8 മാസം കൊണ്ട് 2.07 ലക്ഷം കോടി രൂപ നിക്ഷേപങ്ങളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

 

◼️ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് കൗതുകകരമായ രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

 

◼️കമല്‍ഹാസന്‍ ചിത്രം വിക്രമിന് മുന്നിലും ബോളിവുഡിന് അടിപതറിയിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘സാമ്രാട്ട് പൃഥ്വിരാജ്’ രണ്ട് ദിവസത്തില്‍ 23 കോടി നേടിയപ്പോള്‍, രണ്ട് ദിവസം കൊണ്ട് വിക്രം സ്വന്തമാക്കിയത് 100 കോടിയാണ്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറഞ്ഞ മേജറും ‘സാമ്രാട്ട് പൃഥ്വിരാജി’നെ സാരമായി ബാധിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നിനാണ് സാമ്രാട്ട് പൃഥ്വിരാജും റിലീസ് ചെയ്തത്. 150 കോടി തൊട്ടിരിക്കുകയാണ് കമല്‍ഹാസന്റെ വിക്രം. ആദ്യ ദിനം മാത്രം 34 കോടി രൂപയാണ് വിക്രം സ്വന്തമാക്കിയത്.

 

◼️ബ്രേക്കിംഗ് സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ കാരണം ജര്‍മ്മന്‍ വാഹന മെഴ്‌സിഡസ് ബെന്‍സ് ഗ്രൂപ്പ് എജി ആഗോളതലത്തില്‍ ഏകദേശം ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് റിപ്പോര്‍ട്ട്. 2004 നും 2015 നും ഇടയില്‍ നിര്‍മ്മിച്ച ഈ യൂണിറ്റുകള്‍ മെഴ്‌സിഡസ് ബെന്‍സിന്റെ എംഎല്‍, ജിഎല്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന ശ്രേണിയിലും ആര്‍-ക്ലാസ് ലക്ഷ്വറി മിനിവാനിലും പെട്ടവയാണ്. കൃത്യമായി പറഞ്ഞാല്‍, കാര്‍ നിര്‍മ്മാതാവ് ലോകമെമ്പാടുമുള്ള 993,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു എന്നും അതില്‍ 70,000 ജര്‍മ്മനിയില്‍ നിന്നാണ് എന്നുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട മെഴ്‌സിഡസ് വാഹനങ്ങള്‍ പരിശോധിക്കുന്നത് വരെ ഓടിക്കരുതെന്നും കമ്പനി ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

◼️ഗൗരവങ്ങളായ നിയമസിദ്ധാന്തങ്ങളെ ലളിതമായി വിവര്‍ത്തനം ചെയ്ത് വ്യക്തി ജീവിതത്തിലെ സംഭവങ്ങളും നര്‍മ്മവും യാത്രകളിലെ രസകരമായ അനുഭവങ്ങളും എല്ലാം കോര്‍ത്തിണക്കി വളരെ ആസ്വാദ്യകരമായ ഒരു താളത്തോടുകൂടിയാണ് പി ലീലാകൃഷ്ണന്‍ തന്റെ ജീവിതത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘ഓര്‍മ്മയുടെ ഒളിയലകള്‍’. ഡിസി ബുക്സ്. വില 284 രൂപ.

 

◼️കൊവിഡിന് ശേഷം ഏറ്റവുമധികം പേരില്‍ ദീര്‍ഘകാലത്തേക്ക് കണ്ടുവരുന്ന നാല് പ്രശ്നങ്ങളില്‍ ഒന്നാണ് തളര്‍ച്ച. ശരീരം ഒന്നും ചെയ്യാന്‍ സാധിക്കാത്ത വിധം തളര്‍ന്നുപോകുന്ന അവസ്ഥ. എപ്പോഴും കിടക്കണമെന്ന തോന്നല്‍, നിത്യജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഉന്മേഷമില്ലായ്മ, കാര്യങ്ങള്‍ മനസിലാക്കുന്നതിനും ചിന്തിക്കുന്നതിനും ഓര്‍ക്കുന്നതിനുമെല്ലാം പരിമിത എന്നിവയെല്ലാം ഇതില്‍ വരുന്നു. കൊവിഡിന് ശേഷം ഉറക്കം പ്രശ്നമായെന്ന് പരാതിപ്പെടുന്ന ധാരാളം പേരുണ്ട്. ലോംഗ് കൊവിഡില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നൊരു പ്രശ്നം തന്നെയാണ് ഉറക്കപ്രശ്നങ്ങള്‍. ഉറക്കം ലഭിക്കാതിരിക്കുന്ന അവസ്ഥ, ഉറക്കം ലഭിച്ചാല്‍ തന്നെ അത് ആഴത്തിലുള്ളത് ആകാതിരിക്കുക, ഇടയ്ക്ക് ഞെട്ടിയെഴുന്നേല്‍ക്കുക, അത്തരത്തില്‍ ഉറക്കം മുറിയുക – ഇവയെല്ലാം കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് കണ്ടേക്കാം. കൊവിഡിന് ശേഷം ശ്വാസതടസം നേരിടുന്നവര്‍ നിരവധിയാണ്. ഈ പ്രശ്നവും ചിലപ്പോള്‍ വലിയ സമയത്തേക്ക് നീണ്ടുനില്‍ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണഗതിയില്‍ നടക്കുന്ന അത്രയും ദൂരം നടക്കാന്‍ സാധിക്കാതെ വരിക, വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരിക, പൊക്കത്തിലേക്ക് കയറാന്‍ സാധിക്കാതെ വരിക, നിത്യജീവിതത്തിലെ മറ്റ് ജോലികള്‍ ചെയ്യുമ്പോള്‍ ക്ഷീണവും കിതപ്പും അനുഭവപ്പെടുകയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കുന്നു. ലോംഗ് കൊവിഡിന്റെ ഭാഗമായി വിഷാദരോഗം, ഉത്കണ്ഠ എന്നിവ കൂടുതല്‍ പേരില്‍ കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉറക്കപ്രശ്നം, വിഷാദം, ഉത്കണ്ഠ, ശ്വാസതടസം എന്നിവയ്ക്കെല്ലാം ചികിത്സ തേടാം. ഒപ്പം ഡയറ്റും ജീവിതരീതിയും മെച്ചപ്പെടുത്തിക്കൊണ്ട് ക്ഷീണവും തളര്‍ച്ചയും അതിജീവിക്കാം.

Back to top button
error: Content is protected !!