പുത്തനുടുപ്പും പുസ്തകവും പരിപാടിക്ക് കോതമംഗലത്ത് തുടക്കമായി.

 

മൂവാറ്റുപുഴ: ‘പുത്തനുടുപ്പും പുസ്തകവും’ പരിപാടിക്ക് കോതമംഗലത്ത് തുടക്കമായി.
എറണാകുളം റൂറൽ ജില്ലാ സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ശിശുദിനത്തോട് അനുബന്ധിച്ച് അനാഥ ബാല്യങ്ങൾക്ക് സമ്മാന പൊതി നൽകുകയാണ് ഈ പദ്ധതിയിലൂടെ. കേരള പൊലീസ് ഐ.ജി. പി. വിജയന്റെ നേതൃത്വത്തിൽ എസ്.പി.സി. യിലൂടെ പരിശീലനം പൂർത്തിയാക്കിയ പൂർവ്വ കേഡറ്റുകളായ ഒന്നര ലക്ഷത്തോളം പേരെ അണി നിരത്തിയാണ് പുതിയ സന്നദ്ധസേന രൂപീകരിച്ചത്. എറണാകുളം റൂറൽ ജില്ലയിലെ 37 എസ്.പി.സി. സ്‌കൂളുകളിലെയും കളക്ഷൻ പോയിന്റിലൂടെ ലഭ്യമായ സാധനങ്ങൾ കോർ ടീമിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഗേൾ സ്‌കൂളിൽ എത്തിച്ചു തരം തിരിച്ച് ജില്ലയിലെ വിവിധ ചിൽഡ്രൻ ഹോമുകളിലും ആദിവാസി മേഖലകളിലും സമ്മാനങ്ങൾ വിതരണം ചെയ്‌തു. ശിശു ദിന സമ്മാന ചലഞ്ച് പുത്തനുടുപ്പും പുസ്തകവും വഴി ലഭിച്ച സാധനങ്ങൾ പൊതികൾ ആക്കി കോതമംഗലം ധർമഗിരി വികാസിൽ വെച്ചു നടന്ന ഉദ്ഘടന ചടങ്ങിൽ കുട്ടികൾക്ക് കൈമാറി. തുടർന്ന് കവളങ്ങാട് കാർമിറ്റ്‌ ഹോം, വിവിധ കുട്ടികളുടെ വീടുകളിലും സമ്മാനങ്ങൾ എത്തിച്ചു. എറണാകുളം റൂറൽ ജില്ലയുടെ കോതമംഗലം ധർമഗിരി വികാസിൽ നടന്ന എസ്.വി.സി. യുടെ പുത്തൻ ഉടുപ്പും പുസ്തകവും പരിപാടി റൂറൽ ജില്ലാ എസ്.പി.സി. എ.ഡി.എൻ.ഒ. ഷാബു പി. എസ്. ഉദ്ഘാടനം ചെയ്തു. അധ്യാപക കോർഡിനേറ്റർ അനൂബ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രദീപ് കുമാർ പി.യു., മാർ ബേസിൽ സ്‌കൂൾ എസ്.പി.സി.സി.പി.ഒ. എൽദോ എം.എ, സിസ്റ്റർ ഷൈനി ജോർജ്, എസ്.വി.സി. കോർ ടീം അംഗം കിരൺ എൽദോ എന്നിവർ പങ്കെടുത്തു.

ചിത്രം:-
എസ്.വി.സി. എറണാകുളം റൂറൽ ജില്ലയുടെ പുത്തൻ ഉടുപ്പും പുസ്തകവും സമ്മാന വിതരണം പരിപാടി കോതമംഗലത് റൂറൽ ജില്ലാ എസ്.പി.സി. എ.ഡി.എൻ.ഒ. ഷാബു പി.എസ്. ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!