തര്‍ക്കങ്ങള്‍ക്ക് വിരാമം: മുറിക്കല്ല് ബൈപാസ് നാളെ തുറക്കും

മൂവാറ്റുപുഴ: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് മുറിക്കല്ല് ബൈപാസ് റോഡ് നാളെ തുറന്ന് നല്‍കും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗമാണ് ബൈപാസ് തുറക്കാന്‍ തീരുമാനിച്ചത്. ആര്‍.ഡി.ഒ. പി.എന്‍. അനി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു ജോണ്‍, നഗരസഭ വൈസ് ചെയര്‍പഴ്‌സണ്‍ സിനി ബിജു, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിന്ദു ജയന്‍, ജിനു മടേക്കല്‍, സ്ഥലം ഉടമകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മുറിക്കല്ല് പാലത്തേയും പുല്‍പറമ്പ് കോളനി റോഡിനേയും ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് റോഡിന് സ്ഥലം വിട്ട് നല്‍കാന്‍ ഉടമകള്‍ സമ്മതം അറിയിച്ചു. ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന ഇരുമ്പ് ഗേറ്റും തുറന്ന് നല്‍കും.നഗര വികസന പ്രവര്‍ത്തനവും ചാലിക്കടവ് പാലം റോഡ് നവീകരണവും നടന്ന് വരുന്ന സാഹചര്യത്തില്‍ പി.ഒ. ജംഗ്ഷന്‍ മുതല്‍ വെളളൂര്‍ക്കുന്നം വരെയുളള നഗര റോഡില്‍ ആഴ്ചകളായി രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ട് വരുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി മുനിസിപ്പല്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി കൂടിയാലോചനകളും മറ്റും നടത്തി വരിക ആയിരുന്നു. ഇതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി അപ്രോച്ച് റോഡിന്റെ അഭാവത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന മുറിക്കല്ല് പാലം തുറക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ താത്കാലിക റോഡ് നിര്‍മ്മിക്കുകയും ചെയ്തു. ഇതിനിടയിലാണ് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഇത് പൂര്‍ണമായും പരിഹരിച്ചുവെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു. നഗരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചാലിക്കടവ് പാലം റോഡ് നവീകരണവും പൂര്‍ത്തിയാകുന്നത് വരെയാണ് ഇതു വഴി താല്‍ക്കാലികമായി ഗതാഗത സൗകര്യം ഒരുക്കുന്നത്.