ഏനാദി പാടശേഖരം സംരക്ഷിക്കപ്പെടണം… പരാതിയുമായി കർഷകർ.

കോലഞ്ചേരി: ഐക്കരനാട് പഞ്ചയാത്തിൽപ്പെടുന്ന കടമറ്റം ഏനാദി പാടശേഖരത്തിലേയക്കുള്ള തോടും നടവഴിയും കൈയ്യേറി കൃഷിഭൂമി മണ്ണിട്ട് നികത്തി നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പരാതിയുമായി നാട്ടുകാരും കർഷകരും രം​ഗത്ത്.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ്പ് മെമ്മോ പോലും വകവയ്ക്കാതെയാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വിഷയം കോടതിയിൽ എത്തിയതിനെ തുടർന്ന് പ്രദേശത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകുവാൻ ഹൈക്കോടതി ജില്ലാ,റവന്യൂ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെക്ടർകണക്കിന് വ്യാപിച്ചു കിടക്കുന്ന ഏനാദി പാടശേഖരത്തിൽ പാരമ്പര്യമായി കൃഷി ചെയ്തു വന്നിരുന്ന കർഷകരാണ് ഇത്തരം നിർമ്മാണ പ്രവർത്തികൾമൂലം സ്വന്തം കൃഷിയിടത്തിലേക്ക് സുഗമമായി പ്രവേശിക്കുവാൻ കഴിയാത്ത വിധം പ്രയാസമനുഭവിക്കുന്നത്.വില്ലേജ്,കൃഷി ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പ്രാഥമിക അന്വേഷണത്തിൽ 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം പച്ചയായി ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾനടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഇതനുസരിച്ച് റിപ്പോർട്ട് നൽകിയതായും അധികൃതർ പറയുന്നു.മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം തടസ്സമില്ലാതെ മുവാറ്റുപുഴയാറിലേയ്ക്ക് ഒഴുകുന്നത് ഇതുവഴിയുള്ള തോടുകൾ വഴിയാണ്. ഏതെങ്കിലും കാരണത്താൽ അതിന് തടസ്സം നേരിട്ടാൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് പ്രദേശത്ത് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറഞ്ഞു. അധികാരികൾ വിഷയത്തെ ഗൗരവമായി കാണണമെന്നാണ് കർഷകരും നാട്ടുകാരും ഒന്നടങ്കം പറയുന്നത്.( സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!