തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യം: ക​ള​ക്ട​ര്‍

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ പരാതികളില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് തെരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രവര്‍ത്തിച്ച ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. വിവിധ വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ ക്രമീകരിക്കുകയെന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ദുഷ്‌കരമായ ജോലി. എന്നാല്‍ പരാതികളൊന്നുമില്ലാതെ ഇവയുടെ വിതരണവും തിരിച്ചെടുക്കലും വോട്ട് രേഖപ്പെടുത്തലുമെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നും കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും ചാലക്കുടി ലോക്സഭാ മണ്ഡലം വരണാധികാരിയുമായിരുന്ന ആശ സി. ഏബ്രഹാം, മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ച ജില്ലാ വികസന കമ്മീഷണര്‍ എം.എസ്. മാധവിക്കുട്ടി, കൊച്ചി എആര്‍ഒ ആയിരുന്ന ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ കെ. മീര, തുടങ്ങിയവരും പങ്കെടുത്തു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Back to top button
error: Content is protected !!