മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു; വലവീശി പോലീസും എക്സൈസും.

 

മൂവാറ്റുപുഴ: മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. വലവീശി പോലീസും എക്സൈസും. രണ്ട് ദിവസത്തിനുള്ളിൽ മൂന്നു സംഘങ്ങളാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പോലീസിന്റെ പിടിയിലായത്. യുവാക്കളെയും കൗമാരക്കാരായ കുട്ടികളെയും ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. മരുന്ന് രൂപത്തിലും, എൽ.എസ്.ഡി. സ്റ്റാമ്പുകളായും ഇത് ആവശ്യക്കാർക്ക് ഇടയിൽ എത്തിക്കുന്നു. ട്രെയിൻ മാർഗം എത്തിച്ചു നൽകാൻ സാധിക്കാത്തതിനാൽ ഇപ്പോൾ കാർ ഉപയോഗിച്ചാണ് ഇത്തരം ലഹരിവസ്തുക്കൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. ചൊവ്വാഴ്ച 105 കിലോ കഞ്ചാവ് അങ്കമാലിയിൽ നിന്നും, ഇന്നലെ 35 കിലോ കഞ്ചാവ് ആവോലിയിലെ ഒരു വാടകവീട്ടിൽ നിന്നും പിടികൂടിയിരുന്നു. ഇതിനു മുൻപ് 45 എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി വിദ്യാർത്ഥി അടക്കം മൂന്നുപേരെ പെരുമ്പാവൂർ പരിധിയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. സ്കൂൾ വിദ്യാർഥികൾ മുതൽ മധ്യവയസ്കർ വരെ ഇത്തരം ലഹരിഇടപാടുകളിലെ കണ്ണികളാണ്. നഗരപ്രദേശങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലെ കളിയിടങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും വരെ കഞ്ചാവ് മാഫിയകൾ പിടിമുറുക്കിയിരിക്കുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ചും ലഹരി വില്പന വർധിച്ചു വരികയാണ്. ലഹരി മാഫിയകൾക്കു തടയിടാൻ പോലീസും എക്സൈസും പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!