ലഹരിക്കെതിരെ പ്രതിരോധം: അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം

കോതമംഗലം: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ബൃഹത്തായ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോതമംഗലത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കായി പ്രത്യേക പരിശീലനം. ബി.ആര്‍.സിയുടെ (ബ്ലോക്ക് റിസോര്‍സ് സെന്റര്‍) നേതൃത്വത്തില്‍ കോതമംഗലം സബ് ജില്ലാ പരിധിയിലുള്ള എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ എല്ലാ അധ്യാപകര്‍ക്കുമായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 ന് ആരംഭിച്ച പരിശീലനം 30 ന് ( വെള്ളിയാഴ്ച) അവസാനിക്കും. ആന്റണി ജോണ്‍ എം.എല്‍.എയാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ 96 വിദ്യാലയങ്ങളിലെയും മൂന്ന് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും 1356 അധ്യാപകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. യു.പി, ഹൈസ്‌കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ പരിശീലനം പൂര്‍ത്തിയായി. എല്‍.പി വിഭാഗം അധ്യാപകരുടെ പരിശീലനം വെള്ളിയാഴ്ചയാണ് അവസാനിക്കുക. പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളിനൊപ്പം എക്‌സൈസ് വകുപ്പിന്റെ ക്ലാസും അധ്യാപകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ ഒക്ടോബര്‍ 2 മുതല്‍ സ്‌കൂള്‍ തലത്തില്‍ ലഹരിക്കെതിരെ തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികളെ മാത്രമല്ല രക്ഷിതാക്കളെ കൂടി ഈ ഉദ്യമത്തിന്റെ ഭാഗമാക്കിയാണ് മുന്നോട്ട് പോവുക. ബി.ആര്‍.സി ഹാള്‍, സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലായിട്ടാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ബി.ആര്‍.സി ബ്ലോക്ക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ.ബി സജീവ്, ട്രെയിനര്‍ ജോബി ജോണ്‍ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

 

Back to top button
error: Content is protected !!