കുടിവെള്ള ക്ഷാമം:-മാറാടി പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ സത്യഗ്രഹ സമരം നടത്തി.

 

മൂവാറ്റുപുഴ : മാറാടി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബിയുടെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങള്‍ സത്യഗ്രഹ സമരം നടത്തി. പഞ്ചായത്ത് ഭരണസമിതി ജല അതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ച് നിരവധി സമരം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് സത്യാഗ്രഹ സമരവുമായി രംഗത്തെത്തിയത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്‍റ് സോണായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച പഞ്ചായത്തുകളില്‍ ഒന്നായ മാറാടിയില്‍ മുന്നൂറില്‍പ്പരം കോവിഡ് രോഗികളാണുള്ളത്. കൂടാതെ അഞ്ഞൂറോളം കുടുംബങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുന്നു. ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിക്കുന്ന കോവിഡ് ബാധിതരുള്ള വീട്ടുകാരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. ദിവസങ്ങളോളം വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളുടെ കഷ്ടത മനസിലാക്കിയാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബിയുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരവുമായി രംഗത്തെത്തിയത്. പഞ്ചായത്തിലെ 20 ഓളം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുകയാണെന്നും നന്നാക്കുന്നതിനോ വാല്‍വുകള്‍ ക്രമമായി ഓപ്പറേറ്റ് ചെയ്യുന്നതിനോ ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ഭരണ സമിതി ആരോപിച്ചു. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ച നടത്തി. 48 മണിക്കൂറിനുള്ളില്‍ പൊട്ടിയ പൈപ്പുകള്‍ നന്നാക്കി വാല്‍വുകള്‍ ക്രമമായി തുറക്കുന്നതിനുള്ള ഉത്തരവാദിത്വം ജല അതോറിറ്റി ഏറ്റെടുക്കാമെന്നും വെള്ളം ഊറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥര്‍ എംഎല്‍എയ്ക്ക് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാബു ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി. ജോളി, ബിജു കുര്യക്കോസ്, അജി സജു, ജിഷ ജിജോ, ജെയിംസ് ജോണ്‍, രതീഷ് ചങ്ങാലിമറ്റം, ഹബിന്‍ ഷാജി, ജെയിന്‍ ജെയ്സണ്‍, റ്റി.റ്റി. അക്ഷയ്, പോള്‍ പി. ജോളി, ഷൈന്‍ ജെയ്സണ്‍, ജെറിന്‍ പൗലോസ്, എം.എസ്. ആദിത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!