അയല്‍പക്കംകോലഞ്ചേരി

കുടിവെള്ള പൈപ്പ് പൊട്ടി പാറേപ്പീടിക-ചുളവക്കോട് റോ‍ഡ് തകർന്നു.വാട്ടർ‌ അതോററ്റിയുടെ അനാസ്ഥയെന്ന് നാട്ടുകാർ…

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി: 200 മീറ്റർ പരിധിയിൽ ഒരു റോഡിന്റെ 3 ഭാ​ഗങ്ങളിലായി ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി.കൂടാതെ ഇതുമൂലം തകർന്ന റോഡ് സഞ്ചാരയോ​ഗ്യമാക്കണെമന്നാവശ്യപ്പെട്ട് നാട്ടുകാരും രം​ഗത്ത് വന്നിരിക്കുകയാണ്. ഐക്കരനാട് പഞ്ചായത്തിലെ 10-ാം വാർഡിലെ പാറേപ്പീടിക -ചുളവക്കോട് റോഡിന്റെ കാലങ്ങളായുള്ള അവസ്ഥയാണിത്.തുടർച്ചയായി വെള്ളം ഒഴുകുന്നതുമൂലം തകർന്നറോഡും ഇതിലൂടെയുള്ള യാത്രക്ലേശവും ജനങ്ങളെ വലയ്ക്കുകയാണ്. പഞ്ചായത്തിലെ മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് വാട്ടർഅതോററ്റിയുടെ അനാസ്ഥമൂലം തകർന്ന് കിടക്കുന്നത്.
പലഭാ​ഗങ്ങളിലായി പൈപ്പുകൾ പൊട്ടുന്നതുമൂലം റോഡിന്റെ പുനർ നിർമ്മാണജോലികൾ പോലും തടസ്സപ്പെട്ടിരിക്കുകയാണ്.കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന മേഖലകൂടിയായ പാങ്കോട്-പാറേപ്പീടിക നിവാസികൾക്ക് ഇത് കാലങ്ങളായുള്ള തീരാദുരിതമാണ്. പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് ഫണ്ടില്ലെന്ന കാരണമാണ് പരാതിപറയുന്നവരോട് വാട്ടർ അതോററ്റിയുടെ മറുപടി. നാല് പതിറ്റാണ്ടോളം കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ കൃത്യ സമയത്ത് മാറ്റി സ്ഥാപിക്കാത്തതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
നിലവിൽ റോഡിൽ രൂപപ്പെടുന്ന കുഴികളിൽ പുതിയ പഞ്ചായത്ത് ഭരണസമിതിയുടെയും വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മെറ്റൽ പൊടികൾ നിറച്ചാണ് താല്ക്കാലിക ​ഗതാ​ഗതസൗകര്യം ഒരുക്കുന്നത്.എന്നാൽ ഇത് തുടർന്ന് പോകാതെ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Back to top button
error: Content is protected !!
Close