ജില്ലാതല ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 ന് ആരംഭിക്കും

 

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ഡി റ്റി പി സിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 ന് ആരംഭിക്കും. ഏഴു ദിവസങ്ങളിലായാണ് ഓണഘോഷ പരിപാടികള്‍. ലാവണ്യം 2023 എന്ന പേരില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ലാവണ്യം 2023 ലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. ജില്ലാ തല ഓണാഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ഡി റ്റി പി സി ചെയര്‍മാന്‍ കൂടിയായ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കളക്ടറുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.അനില്‍കുമാര്‍, എം എല്‍ എ മാരായ കെ ജെ മാക്‌സി, പി വി ശ്രീനിജിന്‍, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷ്, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, ഡി എഫ് ഒ കാലടി ആര്‍. രഞ്ജിത്, ഡിവൈഎസ്പി വി എസ് നവാസ്, എ സി പി ജയകുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി പി.ജി. ശ്യാം കൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യ വേദിയായ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു പുറമെ ജില്ലയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പെട്ട വേദികളും ഓണാഘോഷ പരിപാടികള്‍ക്കായി സജ്ജമാകും.ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 25ന് കുട്ടമ്പുഴ ആദിവാസി കോളനിയിലെ നിവാസികള്‍ക്ക് ഓണ സദ്യയും ഓണക്കോടി വിതരണവും ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. കൂടാതെ എറണാകുളം കളക്ടറേറ്റ്, എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍, കടമ്പ്രയാര്‍ ടൂറിസം പ്രോജക്ട് എന്നിവിടങ്ങളില്‍ ഓണാഘോഷ നാളുകളില്‍ ദീപാലങ്കാരങ്ങളും ഉണ്ടായിരിക്കും.

 

Back to top button
error: Content is protected !!