ജില്ലാതല കർഷക അവാർഡിന് അർഹരായവരിൽ മൂന്ന് ആയവന സ്വദേശികൾ.

 

മൂവാറ്റുപുഴ: ജില്ലാതല കർഷക അവാർഡിന് അർഹരായവരിൽ മൂന്ന്
ആയവന സ്വദേശികൾ. സംസ്ഥാന കൃഷി വകുപ്പിൻ്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ആയവന സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലെ പ്രധാന അധ്യാപിക ഷിജ മാത്യുവിനും, സേക്രട്ട് ഹാർട്ട് എൽ.പി. സ്കൂളിലെ അധ്യാപിക ത്രേസ്യ ജോസഫ് എന്നിവർ അർഹരായി. കാർഷിമേഖലയിൽ സ്കൂളിൽ മികച്ച മാതൃക ജൈവ പച്ചക്കറി തോട്ടം ഉണ്ടാക്കുവാൻ നേതൃത്വം നൽകിയതിനാണ് ഇരുവർക്കും അവാർഡ്. കൂടാതെ പഠനത്തോടൊപ്പം വീട്ടിൽ മികച്ച മാതൃക ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചതിനാണ് മികച്ച വിദ്യാർത്ഥി കർഷകയായി ആയവന കാലമ്പൂർ മൂക്കണ്ണിയിൽ വീട്ടിൽ ബിജുവിൻ്റെ മകൾ ഗംഗാദേവി ബി.എസ്. നെ തെരഞ്ഞെടുത്തു. ഇന്ന് തിരുവാണിയൂർ വച്ച് നടക്കുന്ന കൃഷി വകുപ്പിൻ്റെ പ്രത്യേക അവാർഡ് ദാന മീറ്റിങ്ങിൽ അവാർഡുകൾ സമ്മാനിക്കും. ആയവന കൃഷി ഭവൻ്റെ സഹകരണത്തോടെ കാർഷിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുകയും, സ്കൂൾ കൃഷിയിടത്തിലും, വീടുകളിലും, വിവിധ തരം പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്ത് മികച്ച സാങ്കേതിക മുറകൾ അനുവർത്തിച്ച് വിജയിപ്പിച്ചതിനാണ് പുരസ്കാരങ്ങൾ നേടിയത്. വിവിധയിനം പച്ചക്കറികളുടെ വിത്തുകളും, തൈകളും കൃഷിഭവനിൽ നിന്ന് ശേഖരിച്ചും, കൃഷിയ്ക്ക് അനുയോജ്യമായ വിത്തുകൾ സ്വന്തമായും വികസിപ്പിച്ചുമാണ് ഇവർ കൃഷി ചെയ്യുന്നത് എന്ന് കൃഷി ഓഫീസർ ബോസ് മത്തായി പറഞ്ഞു.

Back to top button
error: Content is protected !!