ജില്ലയിൽ ശുചിത്വ പദവി ആദ്യം കൈവരിച്ച ബ്ലോക്കായി പാമ്പാക്കുട. ബ്ലോക്ക് പഞ്ചായത്ത്.

 

മൂവാറ്റുപുഴ: മാലിന്യസംസ്കരണ മേഖലയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഹരിത കേരളം മിഷൻ്റെ ഭാഗമായി മാലിന്യ സംസ്കരണത്തിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയപ്പോൾ, ആദ്യഘട്ടത്തിൽ തന്നെ ഖരമാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് തിരുമാറാടിയിൽ പ്ലാസ്റ്റിക് ഷ്റെഡിംഗ് യൂണിറ്റ് സ്ഥാപിച്ചു. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഹരിത കർമ്മ സേനകൾ രൂപീകരിച്ച് വീടുകളിൽ നിന്ന് ഖരമാലിന്യം ശേഖരിച്ച് തിരുമാറാടിയിലെ എം.ആർ.എഫ്. സെന്ററിലെത്തിക്കുകയും, ഗ്രീൻ കേരളാ കമ്പനിയുടെ സഹായത്തോടെ ഖരമാലിന്യം ഷ്റെഡു ചെയ്യുകയും ചെയ്യുന്നു. ഇത് കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തിൽ എം.സി.എഫ്. സെന്ററുകളും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വാർഡ് അടിസ്ഥാനത്തിൽ മിനി എം.സി.എഫ്. ഉം സ്ഥാപിച്ച് വരുന്നു. ശുചിത്വ ഗ്രേഡിംഗ് നടത്തിയാണ് ജില്ലയിലെ ആദ്യ ശുചിത്വ പദവി നേട്ടം പാമ്പാക്കുട ബ്ലോക്ക് കരസ്ഥമാക്കിയത്. സംസ്ഥാന അടിസ്ഥാനത്തിൽ ശുചിത്വ പദവി പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനുള്ള സർട്ടിഫിക്കറ്റും, മൊമന്റോയും പ്രോജക്റ്റ് ഡയറക്റ്റർ ട്രീസാ ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുമിത് സുരേന്ദ്രന് കൈമാറി. വൈസ് പ്രസിഡൻ്റ് ജസ്സി ജോണി, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.സി. കുര്യാക്കോസ്, അംഗങ്ങളായ ഒ.കെ. കുട്ടപ്പൻ, രമ കെ.എൻ., സെക്രട്ടറി ബൈജു ടി. പോൾ എന്നിവർ സന്നിഹിതരായി.

Back to top button
error: Content is protected !!