അതിഥി തൊഴിലാളികളുടെ ആധാര്‍ പുതുക്കല്‍ നടപടികള്‍ ഉറപ്പാക്കണം: ജില്ലാ കളക്ടര്‍

കൊച്ചി: ജില്ലയില്‍ അതിഥി തൊഴിലാളികളുടെ ആധാര്‍ പുതുക്കല്‍ നടപടികള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളുടെ ആധാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്ലൈവുഡ് കമ്പനി ഉടമകളുടെയും തടിമില്ല് ഉടമകളുടെയും യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. ഇവരുടെ ആധാര്‍ പുതുക്കല്‍ കൃത്യമായി നടപ്പിലാക്കാന്‍ തൊഴിലിടങ്ങളില്‍ തന്നെ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

മേഖല തിരിച്ച് തൊഴിലിടങ്ങളില്‍ സംഘടിപ്പിക്കുന്ന ഇത്തരം ക്യാമ്പുകളിലൂടെ തൊഴിലിന് തടസം നേരിടാതെ ആധാര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ അതിഥി തൊഴിലാളികള്‍ക്ക് സാധിക്കും. ആധാര്‍ അല്ലാത്ത തിരിച്ചറിയല്‍ രേഖകളായ പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ബാങ്ക് പാസ് ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉപയോഗിച്ച് ക്യാമ്പുകളില്‍ ആധാര്‍ പുതുക്കാം. അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും ഇവിടെ ആധാര്‍ പുതുക്കാം. ജില്ലാ ലേബര്‍ ഓഫീസിന്റെയും തൊഴില്‍ സ്ഥാപന ഉടമകളുടെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക.

യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജെ വിനോദ് കുമാര്‍, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ചിഞ്ചു സുനില്‍, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോഓഡിനേറ്റര്‍ എന്‍.ആര്‍ പ്രേമ, പ്ലൈവുഡ് കമ്പനി, തടിമില്ല് കമ്പനി ഉടമകളുടെ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!