പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് നേരിട്ട് പ്രവേശനം, ഇപ്പോൾ അപേക്ഷിക്കാം; വിശദ വിവരങ്ങൾ പങ്കുവച്ച് മന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സിസിഇകെ ഒരുക്കുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ എറണാകുളം ഗവ. വിമണ്‍സ് പോളിടെക്‌നിക് കോളേജില്‍ കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ആറുമാസ/ഒരു വര്‍ഷ കാലാവധിയുള്ള കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി ബിന്ദു പറഞ്ഞു. എസ് എസ് എല്‍ സിയോ പ്ലസ് ടുവോ ബിരുദമോ അടിസ്ഥാനയോഗ്യതയുള്ള ആര്‍ക്കും മാര്‍ക്കോ പ്രായപരിധിയോ നോക്കാതെ കോഴ്‌സിന് നേരിട്ട് അപേക്ഷിക്കാം. ശനി/ഞായര്‍ ബാച്ചുകളും മോണിംഗ്/ഈവെനിംഗ് ബാച്ചുകളും പാര്‍ട്-ടൈം/റെഗുലര്‍ ബാച്ചുകളും ഓണ്‍ലൈനും ഓഫ്ലൈനും ചേര്‍ത്തുള്ള ഹൈബ്രിഡ് ബാച്ചുകളും വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെയുണ്ടെന്ന് മന്ത്രി വിവരിച്ചു.

വിശദ വിവരങ്ങള്‍ ഇങ്ങനെ

സ്വകാര്യ മേഖലയിലടക്കം ആകര്‍ഷകമായ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളാണ് കേരള സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതി മുഖേന ഇനി മുതല്‍ എറണാകുളം ഗവ. വിമണ്‍സ് പോളിടെക്‌നിക് കോളേജില്‍ ചുരുങ്ങിയ ചെലവില്‍ പഠിക്കാന്‍ അവസരമൊരുക്കുന്നത്. ലോകത്താകമാനം ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ലോജിസ്റ്റിക്‌സ് & ഷിപ്പിങ് മാനേജ്മെന്റ്, എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ഫിറ്റ്‌നസ് ട്രെയിനര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ സാധിക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാനുള്ള സൗകര്യങ്ങളും തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും പ്രവേശനം തേടാനാവും. എസ്സി/എസ്ടി/ബിപിഎല്‍/എസ്ഇബിസി/ഒഇസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത സീറ്റുകളിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി അമ്പതു ശതമാനം ഫീസ് ഇളവ് നല്‍കും. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍.എസ്.ഡി.സിയുടെ (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍) ദേശീയാംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുംhttp://www.ccekcampus.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ സിസിഇകെ ക്യാമ്പസ് പ്രോഗ്രാമുകളുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 6235525524-ല്‍ നേരിട്ട് വിളിക്കാം.

 

Back to top button
error: Content is protected !!