‘കോതമംഗലം സമരിറ്റൻസിന്’ രൂപതയുടെ ആദരവ്

 

കോതമംഗലം : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച “കോതമംഗലം സമരിറ്റൻസ് “സന്നദ്ധസേന അംഗങ്ങളെ രൂപത ആദരിച്ചു. കോതമംഗലം സമരിറ്റൻസിന്റെ സേവനം മഹത്തരമാണെന്നും കോവിഡ് വൈറസ് ബാധിച്ച് മരിച്ച സഭാംഗങ്ങൾക്ക് സഭാ പാരമ്പര്യവും ആരാധനക്രമം അനുസരിച്ചുള്ള മൃതസംസ്കാരം നൽകുവാൻ സാധിക്കുന്നതും വലിയൊരു സേവനമാണെന്നും ബിഷപ്പ് പറഞ്ഞു. സന്നദ്ധ സേനാംഗങ്ങളുടെ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയുമുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും വലിയ ക്രിസ്തീയ പുണ്യ പ്രവർത്തിയായി സമൂഹം അംഗീകരിക്കുന്നുവെന്നും ബിഷപ്പ് അനുസ്മരിച്ചു. ഈ സന്നദ്ധസേന മൃതസംസ്കാരത്തിനു വേണ്ടി മാത്രമുള്ളതല്ലയെന്നും ഏത് അടിയന്തര സാഹചര്യത്തിലും മനുഷ്യ സേവനത്തിനു തയ്യാറുള്ള ദ്രുതകർമ്മ സേനയായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇതുവരെ 29 കോവിഡ് ബാധിതരുടെ മൃതസംസ്കാരം രൂപതയിൽ കോതമംഗലം സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തി. അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം ദഹിപ്പിക്കാമെന്ന തീരുമാനം സഭയിൽ എടുത്തിരുന്നു എങ്കിലും കോതമംഗലം രൂപതയിൽ ഒരു മൃതദേഹം പോലും ദഹിപ്പിക്കേണ്ടി വന്നില്ല. ഇത് സേനയുടെ പ്രവർത്തനം മികവായി വിലയിരുത്തി.

രൂപീകരിച്ച സമയത്ത് കോതമംഗലം എം എൽ എ ആന്റണി ജോൺ, തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഹെഡ് നഴ്സ് ,ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. തുടർന്ന് സാങ്കേതിക സഹായം നല്കിയിരുന്നത് കോതമംഗലം സെന്റ്. ജോസഫ്, മുതലക്കോടം ഹോളിഫാമിലി എന്നീ ഹോസ്പിറ്റലുകളിൽ നിന്നാണ്.

രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വോളണ്ടിയേഴ്സ് ആയ 20 വൈദികരും 16 അൽമായരും നാല് സിസ്റ്റേഴ്സും രൂപതാ കേന്ദ്രത്തിലെ വൈദികരും സോഷ്യൽ സർവീസ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു. സമ്മേളനത്തിൽ ടീമഗംങ്ങളായ ആത്മായരെയും സിസ്റ്റേഴ്സിനെയും മൊമെന്റോ നൽകി ബിഷപ്പ് ആദരിച്ചു. വികാരി ജനറൽ മാരായ ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, മോൺ. ഫ്രാൻസിസ് കീരംപാറ,സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഡോ. തോമസ് ജെ.പറയിടം, പ്രോഗ്രാം കോർഡിനേറ്റർമാരായ ജോൺസൺ കറുകപ്പിള്ളിൽ, ജിബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!