മൂവാറ്റുപുഴ പേ​ട്ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പരിഹരിക്കണം: പ്രമേയവുമായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: നഗരസഭ പേട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനസാന്ദ്രയേറിയ പ്രദേശമായ പേട്ടയില്‍ ഗതാഗത സൗകര്യങ്ങളില്ല. നഗരത്തിന്റേതായ വികസനം എത്തപ്പെടാത്ത പ്രദേശങ്ങളില്‍ ഒന്നാണിത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിക്കുന്ന പേട്ട റോഡാണ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം. റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുമാണ്. പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിക്കുന്ന പേട്ട റോഡ് ആവശ്യത്തിന് ഉയര്‍ത്തി നിര്‍മിച്ചാല്‍ മൂവാറ്റുപുഴ – തൊടുപുഴ റോഡിലേക്കും, എംസി റോഡിലേക്കും മൂവാറ്റുപുഴ നഗരത്തിലെ തിരക്ക് ഒഴിവാക്കി വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുമെന്നാണ് വിദഗ്ധ നിര്‍ദേശങ്ങള്‍. വളവുകളും, കയറ്റങ്ങളുമുള്ള എംസി റോഡുവഴിയുള്ള യാത്ര ദുഷ്‌കരമാണ്. കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ആരക്കുഴ റോഡില്‍ കയറി എംസി റോഡിലേക്ക് എളുപ്പത്തില്‍ കടക്കാം. മൂവാറ്റുപുഴ കച്ചേരിത്താഴത്തു നിന്നും കാവുംപടി റോഡിലേക്ക് വാഹനം തിരിച്ചുവിട്ടാല്‍ പേട്ട റോഡുവഴി കയറി ഏതുഭാഗത്തേക്കും പോകാന്‍ കഴിയുമെന്നതാണ് ഏറെ സൗകര്യപ്രദമാകുന്നത്. ഇതുവഴി മൂവാറ്റുപുഴ ടൗണിലെ ഗതാഗതത്തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകും. ഈ സാഹചര്യത്തിലാണ് പേട്ട നിവാസികളുടെ യാത്ര സൗക്യത്തിനും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പേട്ട റോഡ് തൊടുപുഴ റോഡ് വരെ ഉയര്‍ത്തി നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. നവകേരള സദസില്‍ നല്‍കിയ നിവേദനത്തില്‍ സൂചിപ്പിച്ചിരുന്ന മേല്‍പാലം നിര്‍മിക്കണമെന്ന നിര്‍ദേശം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് (റോഡ്‌സ്) ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!